ന്യൂഡൽഹി : അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ആവശ്യക്കാരായ മുഴുവൻ തൊഴിലാളികളുടെയും നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ് വഹിക്കുകയെന്നും സോണിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
തൊഴിലാളികൾ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് . അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാഷ് ട്രത്തിന്റെ അടിത്തറ. ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാതെ കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യേണ്ടി വന്ന അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നത് .
ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാറും റെയിൽവെ മന്ത്രാലയവും തൊഴിലാളികളോട് ടിക്കറ്റിന് പണം വാങ്ങുകയാണെന്നും അവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചു.