തൃശൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്കിയ ആള്‍ക്കും കോവിഡ്. ബംഗാളില്‍നിന്ന് എത്തി ക്വാറന്റയിനിലിരിക്കെ കോവിഡ് പോസിറ്റീവായ 12 തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ചു നല്കിയ വരന്തരപ്പിള്ളി സ്വദേശിക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചുവെന്ന് ബുധനാഴ്ച സ്ഥിരീകരിച്ചത്.
പരിയാരം കുന്നംകുഴി മുതല്‍ ചാലക്കുടി വരെയുളള ട്രാന്‍സ്ഗ്രിഡ് പവര്‍ലൈന്‍ അടിയന്തിര പ്രവൃത്തിക്കായി ഈ മാസം 15-ന് എല്‍ ആന്‍ഡ് ടി കമ്പിനി പ്രത്യേക ബസില്‍ പശ്ചിമ ബംഗാളില്‍നിന്ന് കൊണ്ടുവന്ന 35 തൊഴിലാളികളില്‍ 12 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ അഞ്ചു പേര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇവരെല്ലാവരും വന്നതുമുതല്‍ ചാലക്കുടിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റിനില്‍ ആയിരുന്നു. ഇവരാരും പൊതുജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ജോലിയില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. പൊതുസ്ഥലത്ത് ജോലി ചെയ്യേണ്ടതിനാല്‍ കഐസ്ഇബി നിര്‍ദ്ദേശപ്രകാരമാണ് തൊഴിലാളികള്‍ക്കു കോവിഡ് ടെസ്റ്റ് നടത്തിയത്. ശേഷിച്ച 18 പേര് നിലവില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്ൈറനില് തുടരുകയാണ്.