പത്തനംതിട്ട : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കോവിഡ് 19 ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ (ഒക്ടോബര്‍ 20, 21, 22) ജില്ലയില്‍ 44 അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഏറെയും കേരളത്തില്‍ പുതിയതായി ജോലിക്കെത്തിയവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത് പത്തനംതിട്ട നഗരസഭാ പരിധിയിലും കോയിപ്രം പുല്ലാട് മേഖലകളിലുമാണ്. കലഞ്ഞൂര്‍ കൂടലില്‍ ദര്‍ശന്‍ ഗ്രാനൈറ്റ് എന്ന സ്ഥാപനത്തില്‍ ആരോഗ്യ വകുപ്പ് വ്യാഴാഴ്ച്ച (ഒക്ടോബര്‍ 22) നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് രോഗബാധ കണ്ടെത്തി. ഇവിടെ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടാകാനിടയുണ്ട്. വടശേരിക്കര, ഓമല്ലൂര്‍, മലയാലപ്പുഴ, കലഞ്ഞൂര്‍, മല്ലപ്പള്ളി, മൈലപ്ര, തണ്ണിത്തോട്, ആറന്മുള, ചെറുകോല്‍, കോന്നി, നാറാണംമൂഴി, പ്രമാടം, റാന്നി- പെരുനാട് , തിരുവല്ല നഗരസഭ, വള്ളിക്കോട് എന്നീ പഞ്ചായത്തുകളിലാണിതുവരെ അന്യസംസ്ഥാന തൊഴിലാളികളില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.