കോന്നി: കോന്നിയിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം ജന്മനാട്ടിലേക്ക് യാത്ര തിരിച്ചു. ഉത്തർപ്രദേശിലേക്ക് 41 തൊഴിലാളികളും ഉത്തരാഖണ്ഡിലേക്ക് 5 തൊഴിലാളികളുമാണ് യാത്ര തിരിച്ചത്. ഉത്തർപ്രദേശിലേക്ക് കോട്ടയത്തു നിന്നും ഉത്തരാഖണ്ഡിലേക്ക് തിരുവനന്തപുരത്തു നിന്നുമാണ് ട്രയിൻ പുറപ്പെടുന്നത്. രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിലാണ് തൊഴിലാളികൾ കോട്ടയത്തു പോയത്.
കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നും തൊഴിലാളികളെ യാത്രയാക്കാൻ കെ.യു.ജനീഷ് കുമാർ എം.എൽ.എയും മറ്റു ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. എല്ലാ തൊഴിലാളികൾക്കും ട്രയിൻ ടിക്കറ്റും മാസ്കും, ഭക്ഷണവും, വെള്ളവും തഹസിൽദാർ കെ. ശ്രീകുമാർ കൈമാറി. ആരോഗ്യ വകുപ്പ് പരിശോധന നടത്തി എല്ലാ തൊഴിലാളികൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റും നല്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ തൊഴിലാളികളെയും നാട്ടിലെത്തിക്കുന്നതിന് ഉടൻതന്നെ ക്രമീകരണമുണ്ടാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
എം.എൽ.എയെ കൂടാതെ കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രജനി, വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ, തഹസിൽദാർ കെ.ശ്രീകുമാർ ,ഡപ്യൂട്ടി തഹസിൽദാർമാരായ സി.കെ.സജീവ് കുമാർ, മഞ്ജുഷ, വില്ലേജ് ആഫീസർമാർ ഉൾപ്പടെയുള്ള മറ്റ് റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.