കാക്കനാട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീകളും കുട്ടികളുമടക്കം മുന്നൂറ്റി അമ്പതോളം പേരെ ക്യാമ്പിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി തന്നെ തെരുവില്‍ കഴിഞ്ഞിരുന്നവരെ എസ്. ആര്‍. വി ഹൈസ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കു വേണ്ടുന്ന പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കിയതായി കോര്‍പറേഷന്‍ സെക്രട്ടറി പറഞ്ഞു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് തെരുവില്‍ കഴിഞ്ഞിരുന്നവരെ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം, കിടക്ക, കുടിവെള്ളം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടുന്ന ഭക്ഷണം സ്പോണ്‍സര്‍ഷിപ്പ് വഴിയാണ് ലഭ്യമാക്കുന്നത്. സുരക്ഷയ്ക്കായി വനിതാ പോലീസിനെയടക്കം നിയോഗിച്ചിട്ടുണ്ടെന്നും കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ആര്‍.എസ്.അനു വ്യക്തമാക്കി.
അതേസമയം അതിഥി തൊഴിലാളികളെ മാത്രം പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റണമോ എന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും സെക്രട്ടറി വ്യക്തമാക്കി. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതരെ ക്യാമ്പുകളിലേക്ക് മാറ്റാന്‍ കൊവിഡ് ഇന്‍സിഡന്റ് കമാന്‍ഡറായ സബ് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് ഉത്തരവിട്ടിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിക്കായിരുന്നു ദുരന്ത നിവാരണ നിയമപ്രകാരമുള്ള ഉത്തരവ് നടപ്പിലാക്കേണ്ടതിന്റെ ചുമതല. വൃത്തി, ശുചിത്വം, സുരക്ഷിതത്വം, വൈദ്യസഹായം എന്നിവ ക്യാമ്പുകളില്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.