കുവൈറ്റ് സിറ്റി: വിസാക്കച്ചവടക്കാരില്‍ നിന്നും അനധികൃത താമസക്കാരില്‍ നിന്നും കുവൈറ്റിനെ മോചിപ്പിക്കാന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലെയുടെ നേതൃത്വത്തില്‍ നടപടികള്‍ ശക്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
രാജ്യത്ത് ഏര്‍പ്പെടുത്തിയ പൊതുമാപ്പിന്റെ ഭാഗമായി നിരവധി പേര്‍ പിഴയടയ്ക്കാതെ രാജ്യം വിട്ടതായും ഇത് നടപടികളുടെ ആദ്യ ഘട്ടം വിജയകരമായിരുന്നെന്ന് വ്യക്തമാക്കുന്നതായും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ജീവിതം സാധാരണ നിലയിലായതിനു ശേഷം രണ്ടാം ഘട്ട നടപടികള്‍ ആരംഭിക്കാനാണ് അധികൃതരുടെ നീക്കം. നിലവില്‍ രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് സ്വമേധയാ കീഴടങ്ങാന്‍ ഒരു മാസത്തെ സമയപരിധി അനുവദിക്കുകയും പിഴ ഈടാക്കാതെ സ്വദേശത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇപ്പോഴും 90,000ല്‍ അധികം അനധികൃത താമസക്കാര്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. രണ്ടാം ഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്ന പൊതുമാപ്പ് വഴി നിരവധി പേര്‍ രാജ്യം വിടുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതീക്ഷ.
രണ്ടാം ഘട്ട നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും രാജ്യത്ത് തുടരുന്ന നിയമലംഘകരെ കണ്ടെത്താന്‍ നടപടികള്‍ ശക്തമാക്കാനാണ് മന്ത്രാലയത്തിന്റെ പദ്ധതി.
പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അനസ് അല്‍ സല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷാവസാനത്തോടെ ഈ ഘട്ടം അവസാനിക്കുമെന്നും രാജ്യത്തെ പകുതിയിലധികം നിയമലംഘകരെയും ഇതുവഴി നീക്കം ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.