പത്തനംതിട്ട : വാടക വീട് ഒഴിവാക്കി നാട്ടിലേക്ക് പോകാനിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കിട്ടിയത് പോലീസിന്റെ അടി. ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതോടെ പത്തനംതിട്ടയിലും ഏനാത്തും പ്രതിഷേധിച്ച ഇതരസംസ്ഥാന തൊഴിലാളികളെയാണ് പോലീസ് അടിച്ചോടിച്ചത്. ഏനാത്ത് പോലീസും പാര്‍ട്ടിക്കാരും ഇടപെട്ട് ഓടിച്ചു. ഏനാത്ത് ഇന്ന് രാവിലെയും പത്തനംതിട്ടയില്‍ ഉച്ചക്കുമായിരുന്നു പ്രതിഷേധം. ഇന്ന് പുറപ്പെടുന്ന ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പത്തനംതിട്ടയില്‍ ബഹളം. നാട്ടിലേക്ക് പോകാന്‍ ഇറങ്ങിയവര്‍ താമസസ്ഥലം ഒഴിഞ്ഞ് താക്കോലും ഉടമയ്ക്ക് കൈമാറി കണ്ണങ്കരയില്‍ വന്നിരുന്നു.
ഇവരെ റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള കെഎസ്ആര്‍ടിസി ബസും എത്തി. അപ്പോഴാണ് ട്രെയിന്‍ റദ്ദാക്കിയതായി അറിയുന്നത്. മടങ്ങാന്‍ കഴിയില്ലെന്ന് വന്നതോടെ ഇവര്‍ പ്രക്ഷോഭം തുടങ്ങി. റോഡില്‍ കുത്തിയിരുപ്പ് സമരം നടത്തി. കുലശേഖരപ്പേട്ടയില്‍ നിന്ന് കൂടുതല്‍ പേരെത്തി സമരത്തില്‍ അണിനിരക്കുകയും ചെയ്തു. വാഹന ഗതാഗതം തടസ്സപ്പെട്ടു . താമസ സ്ഥലം ഒഴിഞ്ഞുവന്ന തങ്ങള്‍ ഇനി എവിടെ താമസിക്കുമെന്നായിരുന്നു ചോദ്യം. തൊഴിലാളികള്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ പോലീസ് ലാത്തി ചാര്‍ജ് തുടങ്ങി.
കൈയില്‍ കിട്ടിയവരെയെല്ലാം അടിച്ചോടിച്ചു. ചിതറി ഓടിയ ഇവരെ പിന്നീട് പോലീസ് തന്നെ തിരിച്ചു കൊണ്ടുവന്നു. നേരത്തേ താമസിച്ചിരുന്നിടത്തേക്ക് മടങ്ങിക്കൊള്ളാന്‍ പോലീസ് പറഞ്ഞു. കെട്ടിടം ഉടമ അനുവദിക്കാത്ത പക്ഷം പോലീസ് ഇടപെടാമെന്നും വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസവും കണ്ണങ്കരയില്‍ ഇതേ പോലെ തൊഴിലാളികള്‍ സംഘടിച്ചിരുന്നു.
ഏനാത്ത് അഞ്ഞൂറോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ വാഹന സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യവുമായി രാവിലെയാണ് തെരുവിലിറങ്ങിയത്. ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി ഇവരെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കൂടുതല്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ റോഡിലേക്ക് ഇറങ്ങിയതോടെ പോലീസുമായി ഉന്തും തള്ളുമായി. ഇതിനിടെ പ്രാദേശിക സിപിഎം നേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതര ഭാഷാ തൊഴിലാളികളോട് കയറി പോകാന്‍ ആക്രോശിച്ചുകൊണ്ട് നേതാക്കള്‍ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പിന്നീട് അടൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജിനേഷ് പി ജി എത്തി ജൂണ്‍ ആദ്യവാരം ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്താം എന്ന് ഉറപ്പ് നല്‍കിയതിനു ശേഷമാണ് തൊഴിലാളികള്‍ പിരിഞ്ഞുപോയത്.