കൊച്ചി : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയായി ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാതെ കൂട്ടത്തോടെ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. ഇവരെ കണ്ടെത്തുന്നതും ശ്രമകരമായിരിക്കുകയാണ്. കെട്ടിട നിര്‍മ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസ വേതനക്കാര്‍ക്ക് തൊഴില്‍സാധ്യത കൂടി. ഇതോടെയാണ് നാടുകളിലേക്ക് തിരിച്ച് പോയ തൊഴിലാളികള്‍ മടങ്ങി വരാന്‍ തുടങ്ങിയത്. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് കൂടുതല്‍ പേരും മടങ്ങിവരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാതെയും ചിലര്‍ എത്തുന്നുണ്ട്.
സര്‍ക്കാര്‍ അനുമതി നേടാതെ തൊഴിലാളികളില്‍ ചിലര്‍ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നതായാണ് റിപ്പോര്‍ട്ട്. ഇവരെ പരിശോധിക്കാന്‍ കൃത്യമായ സംവിധാനമില്ലാത്തതും വെല്ലുവിളിയാകുകയാണ്. ആലുവയില്‍ കഴിഞ്ഞ ദിവസം അന്യസംസ്ഥാന തൊഴിലാളിയായ യുവതി ഡല്‍ഹിയില്‍ നിന്നെത്തിയ വിവരം ആരോഗ്യ പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ല. നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.