തിരുവനന്തപുരം : കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിന് ചട്ടംലംഘിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജിക്കായി സമ്മര്‍ദം മുറുകുന്നു. അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണവിധേയയായ മന്ത്രി ഇന്നും പ്രതികരിച്ചില്ല. രാജി വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി.
മന്ത്രിയുടെ രാജിയല്ലാതെ പരിഹാരമില്ലെന്ന കടുത്തനിലപാടിലാണ് പ്രതിപക്ഷം. മന്ത്രി നടത്തിയ അനധികൃത ഇടപെടലിന്റെ തെളിവാണ് ഗവര്‍ണര്‍ക്കയച്ച കത്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. പുറത്തു വന്ന തെളിവുകളുമായി രമേശ് ചെന്നിത്തല ഇന്ന് ലോകായുക്തയെ സമീപിക്കും. സര്‍ക്കാരിന് വഴങ്ങി നിയമന ഫയലില്‍ ഒപ്പുവച്ച ഗവര്‍ണറെയും യുഡിഎഫ് പിന്തുണയ്ക്കില്ല.
വിവാദമുയര്‍ന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആരോപണവിധേയയായ മന്ത്രി ആര്‍.ബിന്ദു മൗനം തുടരുകയാണ്. പ്രതിഷേധം ഭയന്ന് സെക്രട്ടേറിയറ്റിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിപക്ഷം പറയുന്നതു കേള്‍ക്കാനിരുന്നാല്‍ ദിവസം തോറും മന്ത്രിമാര്‍ രാജി വെയ്‌ക്കേണ്ടി വരുമെന്നാണ് സിപിഎം നിലപാട്. ഇപ്പോള്‍ രാജി വേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിലപാടെങ്കിലും കോടതിയില്‍ നിന്നോ ലോകായുക്തയില്‍ നിന്നോ തിരിച്ചടിയുണ്ടായാല്‍ സ്ഥിതിമാറും. ഇന്നലെ ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച സിപിഎം നേതാക്കള്‍ മന്ത്രിയുടെ കത്ത് പുറത്തുവന്ന ശേഷം മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്.