തിരുവനന്തപുരം : ഇത്തവണ പ്ലസ്ടു പരീക്ഷാ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം. വിദ്യാര്‍ഥിയുടെ ഫോട്ടോയും ജനനത്തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. പ്ലസ്ടു പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയത്തിന് ഈ മാസം 21 വരെ അപേക്ഷിക്കാം. സേ പരീക്ഷ പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വണ്‍ പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. ഈ മാസം തന്നെ ഫലം പ്രസിദ്ധീകരിക്കുമെന്നും രവീന്ദ്രനാഥ് അറിയിച്ചു.
കൊറോണ വ്യാപനത്തിനിടെ നടന്ന പ്ലസ്ടു പരീക്ഷയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച വിജയമാണ് നേടിയത്. 85.13 ശതമാനം വിജയമാണ് നേടിയത്. 3,19,782 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം വിജയ ശതമാനം 84.33 ശതമാനമായിരുന്നു. ഇത്തവണ 18,510 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു. മുന്‍ വര്‍ഷം ഇത് 14,244 ആയിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
3,75, 655 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം 82.19 ശതമാനമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ ഇത് 88.01 ശതമാനമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിജയ ശതമാനം 81.33 ശതമാനമാണെന്നും മന്ത്രി അറിയിച്ചു.