പാലക്കാട് : ആരോഗ്യകരമായ ഭക്ഷ്യ സംസ്കാരത്തിന് കരുത്താവാന്‍ കുടുംബശ്രീ ഉത്പന്നങ്ങളും, വിപണന മേളകളും മികവുറ്റ പങ്കുവഹിക്കുന്നതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. തനത് നാടന്‍ വിഭവങ്ങള്‍ കാണാനും വാങ്ങാനും അവസരങ്ങള്‍ ഒരുക്കുന്നതില്‍ മന്ത്രി സന്തോഷം പ്രകടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച നവം 2022 ജില്ലാതല വിപണന – ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിപണന മേളയില്‍ 60 ഓളം കുടുംബശ്രീ സംരംഭകരുടെ വൈവിദ്ധ്യങ്ങളായ നാടന്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. വിപണന മേളയുടെ ഭാഗമായി അടുക്കള 2022 എന്ന പേരില്‍ ഭക്ഷ്യമേളയും നടക്കുന്നുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ പഞ്ചായത്ത് അംഗം സഫ്ദര്‍ ഷരീഫ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, എ.ഡി.എം.സി.എസ് സവ്യ.എസ് പങ്കെടുത്തു.
അട്ടപ്പാടിയിലെ തനത് വിഭവങ്ങളായ ചെറു ധാന്യങ്ങള്‍ വരഗ്, റാഗി, ചോളം, ഏലം, ചാമ, കമ്പ് എന്നിവ ഹില്‍വാല്യൂ എന്ന ബ്രാന്‍ഡില്‍ മേളയില്‍ ലഭ്യമാണ്. ബീറ്റ് റൂട്ട് മാള്‍ട്ട്, ക്യാരറ്റ് മാള്‍ട്ട്, അവല്‍, ചോക്ലേറ്റ്, മാങ്ങ, നെല്ലിക്ക, വെളുത്തുള്ളി, നാരങ്ങ, ഉണ്ണിത്തണ്ട്, ഇരുമ്പാപുളി, മീന്‍, കടുമാങ്ങ, വടുകപുളി തുടങ്ങി വിവിധ ഇനം അച്ചാറുകള്‍, അരിപ്പൊടി, ചമ്മന്തി പൊടി, മസാല പൊടികള്‍, ഉണ്ണിത്തണ്ട് കൊണ്ടാട്ടം, അരികൊണ്ടാട്ടം, ചക്കപൊടി, ചക്ക കുക്കീസ്, തുടങ്ങിയ ചക്ക വിഭവങ്ങള്‍, ശുദ്ധമായ തേന്‍, വിവിധ ഇനം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍, ബിസ്കറ്റുകള്‍, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമുള്ള പോഷകാഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍, കത്തി, ഇരുമ്പ് പാത്രങ്ങള്‍ തുടങ്ങിയ വീട്ടുപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ഓട്ടുപാത്രങ്ങള്‍, കൈത്തറി വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, ശുദ്ധമായ തേന്‍, വെളിച്ചെണ്ണ, കായ ഉപ്പേരി,തുടങ്ങിയ ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാവും.വിപണിയും, വരുമാനവും ഉറപ്പു വരുത്തി സംരംഭകരെ ശാക്തീകരിക്കുക, മായം കലരാത്ത കുടുംബശ്രീ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ അരികിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവം 2022 സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങളോടൊപ്പം പൊതു വിപണിയില്‍ സ്വകാര്യ കുത്തക കമ്പനികളുടെ ഉത്പന്നങ്ങളോട് കിടപിടിച്ച് വലിയ സ്വീകാര്യത നേടിയ കുടുംബശ്രീ ബ്രാന്റ് ഉത്പന്നങ്ങളും മേളയില്‍ ലഭ്യമാകും.
കുടുംബശ്രീ പ്ലാന്റ് നഴ്‌സറി ഗ്രൂപ്പുകള്‍ വിവിധ ഇനം ഫലവൃക്ഷ തൈകളും, അലങ്കാര തൈകളും ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച വനിതകളുടെ നേതൃത്വത്തില്‍ വൈവിദ്ധ്യമാര്‍ന്ന രുചിവിഭവങ്ങള്‍ മേളയെ ആകര്‍ഷകമാക്കും. അടുക്കള 2022 ന്റെ ഭാഗമായി ഒരുമ ട്രാന്‍സ്ജെന്റര്‍ ക്യാന്റീന്‍ വൈവിദ്ധ്യമാര്‍ന്ന ഫ്രഷ് ജ്യൂസ് ലഭ്യമാണ്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് ആരംഭിച്ച വിപണന മേള ജനുവരി ഏട്ടിന് സമാപിക്കും.