വയനാട്: വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാനാകില്ലെന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് മന്ത്രി കെ രാജൻ. കടം എഴുതി തള്ളാൻ ദുരന്തനിവാരണ അതോറിറ്റിക്ക് അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 13 ഒഴിവാക്കിയത് കേരളത്തെ ലക്ഷ്യമാക്കി ഉള്ള നടപടിയാണെന്നും മന്ത്രി ആരോപിച്ചു. കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് എട്ടുമാസമായിട്ടും ഒരു നടപടിയും സ്വീകരിക്കാതെ ഏകപക്ഷീയമായി സെക്ഷൻ 13 ഒഴിവാക്കി. കേരളത്തിന്‍റെ ആവശ്യം നിരാകരിക്കാൻ വേണ്ടി മാത്രമാണ് ഈ ഭേദഗതിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് കേരളത്തോടുള്ള കൊടിയ ദ്രോഹവും ശത്രുതാപരമായ നിലപാടുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളണമെന്ന് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ദുരന്ത നിവാരണ നിയമപ്രകാരം വായ്പ്പാ എഴുതിത്തള്ളാൻ അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. ദുരന്തനിവാരണ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് മാർച്ചിൽ ഒഴിവാക്കിയിരുന്നു. ഇക്കാര്യം ദുരന്തനിവാരണ അതോറിറ്റി അറിയിച്ചതായും കേന്ദ്രം അറിയിച്ചു. വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.