തിരുവനന്തപുരം : വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായി 154 ദിവസത്തിന് ശേഷം കേരളം ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ ഒന്ന് തത്വത്തിൽ അംഗീകരിച്ചെന്ന് മന്ത്രി കെ രാജൻ. 154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമാണെന്ന് കേരളത്തെ അറിയിക്കേണ്ടത്? വീണ്ടും വീണ്ടും കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മറുപടി. രണ്ട് മാസത്തിനകമായിരുന്നു ഈ കത്തെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടായേനെ. പുറത്ത് നിന്നുള്ള ഏജൻസികളുടെ എങ്കിലും സഹായം തേടാമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
1202 കോടി രൂപയുടെ പ്രാഥമിക സഹായമോ അതിൽ ഒന്നാം ഘട്ടമായി ആവശ്യപ്പെട്ട തുകയോ കേന്ദ്രം ഇതുവരെ അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. നവംബർ 13 ന് കേരളം റിപ്പോർട്ട് സമർപ്പിച്ചതാണ്. ഇതുവരെ തീരുമാനമായില്ല. എന്തിനാണിത്ര കാലതാമസം എന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയും സർക്കാരും നിരന്തരം ആവശ്യപ്പെട്ടപ്പോൾ 153 കോടി രൂപ എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. ജനാധിപത്യ മൂല്യങ്ങളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണിതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ അതിവേഗം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.