പാലക്കാട് : അക്രമസംഭവങ്ങൾക്കെതിരെ ശക്തമായ നടപടിക്ക് നിർദേശം നൽകിയതായി മന്ത്രി കെ.കൃഷ്ണൻ കുട്ടി. അക്രമികൾക്കെതിരെ പോലീസ് മുഖം നോക്കാതെ നടപടിയെടുക്കും. ആവശ്യം വന്നാൽ അടിച്ചമർത്തൽ തന്നെ സ്വീകരിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. ആർഎസ്എസും എസ്ഡിപിഐയും സ്വയം നിയന്ത്രിക്കാൻ തയാറാകണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് നടന്നത്. വിഷുദിനത്തിലാണ് ജില്ലയിൽ എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയത്. ഉച്ചയോടെയായിരുന്നു സുബൈർ എന്ന യുവാവിന്റെ കൊലപാതകം.
പാലക്കാട് കസബ പോലീസ് സ്റ്റേഷൻ പരിധിയിൽ തന്നെയായിരുന്നു അക്രമം. പിതാവിനൊപ്പം ജുമാ നിസ്‌കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി. പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ എലപ്പുള്ളി ഏരിയാ പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട സുബൈർ.
നാടിനേറ്റ ഈ മുറിവ് ഉണങ്ങും മുൻപാണ് മറ്റൊരു കൊലപാതകം കൂടി നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന് വെട്ടേറ്റ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ബൈക്കുകളിലെത്തിയ സംഘം ശ്രീനിവാസനുണ്ടായിരുന്ന എസ്‌കെ ഓട്ടോ റിപ്പയർ കടയ്ക്കകത്ത് അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം. പാലക്കാട് നോർത്ത് കസബ സ്റ്റേഷൻ പരിധിയാലണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആരോപിച്ചു.