പത്തനംതിട്ട : വീടു കെട്ടുന്നതല്ല ഉടമസ്ഥാനാണെന്ന് ഉറപ്പാക്കലാണ് പ്രയാസമെന്ന് തിരിച്ചറിയുകയായിരുന്നു കവിയൂര്‍ സ്വദേശി വിനില്‍ ഗില്‍ബര്‍ട്ട്. വീട് നമ്പറിനായി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ലഭിച്ചിരുന്നില്ല. തിരുവല്ല താലൂക്ക് അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ഇടപെടലിലൂടെ ഉടന്‍ പരിഹാരമായി. കന്യാകുമാരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കുടിയേറി താമസിച്ച വിനിലിന് സ്വന്തമായുള്ള അരയേക്കര്‍ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി 2022ല്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നു. 2024 ഒക്ടോബറില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി നമ്പറിനായി അപേക്ഷിച്ചപ്പോഴാണ് പുരയിടത്തില്‍ അതിര്‍ത്തിക്കല്ലുകള്‍ ഇല്ലെന്നും പിന്നിലെ തോടുംവീടും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്നും മനസിലായത്.
വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയും വീടിന് ബലക്ഷയം ഉള്ളതായി ബോധ്യപ്പെടുകയും ചെയ്തു എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. അടിത്തറയോട് ചേര്‍ന്ന മണ്ണ്ഇളകിയതിനാല്‍ കയ്യേറിയിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നു. വിനിലിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നത് നീണ്ടു പോകുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി പി. രാജീവ് ടൗണ്‍ പ്ലാനര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ വിനിലിന് കെട്ടിട നമ്പര്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതോടെ നാളുകള്‍ നീണ്ട വിനിലിന്റെ അലച്ചിലിന് പര്യവസാനവുമായി.