തിരുവനന്തപുരം : കവയിത്രി സുഗത കുമാരിയുടെ തറവാട് വീട് സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. സുഗതകുമാരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആറന്മുളയില്‍ നടന്ന അനുസ്മരണ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ പുരാവസ്തു വകുപ്പ് വീടിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നെങ്കിലും തറവാട് വീട് കാട് കയറി നശിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
സുഗതകുമാരിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനം ആറന്മുളയിലെ തറവാട്ട് വീട്ടില്‍ ആചരിക്കണമെന്നും വീട് സാഹിത്യ മ്യൂസിയമാക്കി മാറ്റണമെന്നും ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉറപ്പ് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് നടപടികള്‍ ഉണ്ടായില്ല. അനുസ്മരണ ചടങ്ങ് ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്ന കവലയിലാണ് സംഘടിപ്പിച്ചത്. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി പ്രസാദിനോട് സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂട്ടിക്കാട്ടിയതോടെയാണ് സംരക്ഷണം സംബന്ധിച്ച് വീണ്ടും പ്രഖ്യാപനം ഉണ്ടായത്.