കൊച്ചി : തൃക്കാക്കരയിലേത് അധമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താകുമെന്ന് മന്ത്രി പി.രാജീവ്. വ്യാജ വീഡിയോ പ്രചാരണത്തിന്റെ ഉത്ഭവം യുഡിഎഫ് ആണെന്ന് തെളിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആള്‍ പിടിയിലാകുന്നത് ഇന്ന് രാവിലെയാണ്. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്.
കോയമ്പത്തൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇപ്പോള്‍ കൊച്ചി സിറ്റി പോലീസ് ചോദ്യം ചെയ്യുകയാണ്. ഇയാള്‍ ലീഗ് അനുഭാവിയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് അബ്ദുല്‍ ലത്തീഫിനെപ്പറ്റി പോലീസിനു വിവരം ലഭിച്ചത്. വളരെ രഹസ്യമായി കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ഉടന്‍ കൊച്ചിയിലേക്ക് കൊണ്ടുവന്നു.