തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന് കൂടുതല്‍ കോച്ച് അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് സംസ്ഥാനത്തെ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ കത്തയച്ചു. മംഗലാപുരത്ത് നിന്ന് രാവിലെ തിരുവനന്തപുരത്തേക്കും വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കും സര്‍വീസ് നടത്തുന്ന (20631/20632) ട്രെയിനില്‍ നിലവില്‍ എട്ട് കോച്ച് മാത്രമാണുള്ളത്. തിരുവനന്തപുരത്തു നിന്ന് കാസര്‍ക്കോട്ടേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന് 20 കോച്ചുകളുണ്ട്. ഈ ട്രെയിനിന് നേരത്തേ 16 കോച്ചുണ്ടായിരുന്നത് സംസ്ഥാനത്തിന്റെ ആവശ്യ പ്രകാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു.
Also Read: മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു
ഏറെ ആവശ്യക്കാരുള്ള മംഗലാപുരം- തിരുവനന്തപുരം വന്ദേ ഭാരതിന് എട്ടു കോച്ചുകള്‍ തീരെ അപര്യാപ്തമാണ്. നിലവില്‍ ഈ ട്രെയിനില്‍ റിസര്‍വേഷന്‍ ലഭിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്ന് വലിയതോതില്‍ ആവശ്യം ഉയരുകയാണ്. റെയില്‍വേയ്ക്ക് നല്ല വരുമാനം ലഭിക്കുന്ന റൂട്ടാണിത്. വന്ദേ ഭാരതിന്റെ കോച്ചുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നേരിട്ടു കണ്ട അവസരത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയോട് ഉന്നയിച്ച കാര്യവും മന്ത്രി വി അബ്ദുറഹിമാന്‍ കത്തില്‍ സൂചിപ്പിച്ചു.