പത്തനംതിട്ട : ആണ്‍ പെണ്‍ ഭേദമില്ലാതെ ഓരോ വ്യക്തിയും സ്ത്രീ സുരക്ഷക്കായി പ്രവര്‍ത്തിക്കണമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി നടത്തുന്ന ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായ ബോധവത്കരണ പരിപാടി കോഴഞ്ചേരി ഗവ. മഹിളാ മന്ദിരത്തില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഐക്യരാഷ്ട്ര സംഘടന നവംബര്‍ 25 മുതല്‍ ഡിസംബര്‍ 10 വരെ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പയിന്‍ ലോകത്തിന് വലിയ സന്ദേശമാണ് പകര്‍ന്ന് നല്‍കുന്നത്. ഇന്ത്യയുടെ ഭരണഘടന സ്ത്രീ സമത്വം ഉറപ്പുവരുത്തുന്നുണ്ടെങ്കിലും സാമൂഹിക ജീവിതങ്ങളില്‍ പൂര്‍ണമായ അര്‍ഥത്തില്‍ സ്ത്രീസുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ ഇനിയും ബോധപൂര്‍വമായ വളരെയേറെ ഇടപെടലുകള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കാന്‍ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ടെന്നും ഇതിനായാണ് വനിതാ ശുശുവികസന വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.
വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം സാറാമ്മ ഷാജന്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യൂ.ഡി.വിആക്ട് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗം സൂസന്‍ മാത്യു മുഖ്യപ്രഭാഷണം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്നീം, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ആര്‍. നിഷ നായര്‍, ഇലന്തൂര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ ലതാ കുമാരി, കോഴഞ്ചേരി മഹിളാ മന്ദിരം സൂപ്രണ്ട് പ്രിയ ചന്ദ്രശേഖരന്‍ നായര്‍, സ്മിതാ ചന്ദ്, ചാച്ചിക്കുട്ടി ജേക്കബ്, രജനി, ലത, ഇ.കെ. സൗമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.