Wednesday, April 2, 2025 11:24 am

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കുമെന്നും വകുപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ സുരക്ഷിതമായി ദര്‍ശനം നടത്തി മടങ്ങി പോകുന്നതിനായി എല്ലാവരും പ്രവര്‍ത്തിക്കണം. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ യഥാസമയം എത്തുന്നുണ്ടെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണം. ഇത് സംബന്ധിച്ച് കണ്‍ട്രോള്‍ റൂമിലും വിവരങ്ങള്‍ നല്‍കണം. തീര്‍ഥാടനത്തോട് അനുബന്ധിച്ച എല്ലാ പ്രവൃത്തികളും ഈ മാസം 10 ന് മുന്‍പായി പൂര്‍ത്തീകരിക്കണം. ക്രമീകരണങ്ങള്‍ പൂര്‍ത്തിയായോയെന്നു പരിശോധിക്കുന്നതിന് ഈ മാസം 11ന് നേരിട്ടു സന്ദര്‍ശനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം നവംബര്‍ ഒന്നിന് മുന്‍പ് എല്ലാ വകുപ്പുകളുടെയും തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുടെയും പദ്ധതി നിര്‍ദേശങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിലേക്ക് നല്‍കണം. പമ്പയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ പാര്‍ക്കിംഗിന് ഉചിതമായ സ്ഥലം കണ്ടെത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പ്ലാപ്പള്ളി – ആങ്ങമൂഴി റോഡിന്റെ അറ്റകുറ്റ പണി ഈമാസം 10ന് മുന്‍പ് പൂര്‍ത്തിയാക്കണം. റോഡ് പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കണം. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള ജില്ലയിലെ 17 റോഡുകള്‍ക്കു പുറമേ തീര്‍ഥാടകര്‍ സഞ്ചരിക്കുന്ന മറ്റു പ്രധാന പാതകളും അറ്റകുറ്റപ്പണി നടത്തണം.

വാഹന അപകടം ഒഴിവാക്കാന്‍ റോഡുകളില്‍ ക്രാഷ് ഗാര്‍ഡ്, ഹംമ്പ് മാര്‍ക്കിംഗ്, ബ്ലിങ്കേഴ്സ് ഉള്‍പ്പെടെയുള്ള സുരക്ഷക്രമീകരണങ്ങളും വളവുകളില്‍ മാര്‍ക്കിംഗും പൊതുമരാമത്ത് വകുപ്പ് ഉറപ്പാക്കണം. ആറാട്ടുപുഴ- ചെട്ടിമുക്ക് – ചെറുകോല്‍പുഴ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം അടിയന്തിരമായി പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി. കൈപ്പട്ടൂര്‍ പാലത്തില്‍ സംരക്ഷണ ഭിത്തി ബലപ്പെടുത്തുന്ന സ്ഥലം തീര്‍ഥാടനകാലത്ത് ദേശീയപാത വിഭാഗം തുടര്‍ച്ചയായി നിരീക്ഷിച്ച് അപകടസ്ഥിതിയില്ലെന്ന് ഉറപ്പാക്കണം. പത്തനംതിട്ട ടൗണിലെ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടല്‍ വാട്ടര്‍ അതോറിറ്റി അടിയന്തിരമായി പൂര്‍ത്തീകരിക്കണം.

പത്തനംതിട്ട ടൗണില്‍ ഇതുമൂലം ഗതാഗത കുരുക്ക് ഉണ്ടാകാന്‍ ഇടവരരുത്. തിരുവാഭരണപാതയുടെ ശുചീകരണം ബന്ധപ്പെട്ടവര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് തീര്‍ഥാടന പാതയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് കൈയില്‍ കരുതണം. ഭക്ഷണവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് പരാതികള്‍ അറിയിക്കുന്നതിന് എല്ലാ ഭക്ഷണ ശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം. പന്തളത്തെ ഡിടിപിസി അമനിറ്റി സെന്റര്‍ ഉടന്‍ തന്നെ ശുചീകരിച്ച് തീര്‍ഥാടനത്തിന് സജ്ജമാക്കണം.

തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് കോന്നി മെഡിക്കല്‍ കോളജില്‍ 15 ബെഡുകള്‍ ഉള്‍പ്പെടുത്തി ശബരിമല വാര്‍ഡ് ക്രമീകരിക്കും. പമ്പ ഗവ ആശുപത്രിയില്‍ ആരോഗ്യവകുപ്പിന്റെ കണ്‍ട്രോള്‍ റൂം തുറക്കും. പമ്പ- സന്നിധാനം പാതയില്‍ 18 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ സജ്ജമാക്കും. ആന്റി വെനം, ആന്റി റാബിസ് വാക്സിന്‍ പോലുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കോവിഡാനന്തര തീര്‍ഥാടന കാലം ആയതിനാല്‍ ശ്വാസകോശ, ഹൃദയ സംബന്ധമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങള്‍ നോഡല്‍ ഓഫീസര്‍ നേരിട്ടു വിലയിരുത്തി റിപ്പോര്‍ട്ട് ഡിഎംഒ മുഖേന നല്‍കണം. ശബരിമലയില്‍ എത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുള്ള എല്ലാ തീര്‍ഥാടകരും അവരുടെ ആരോഗ്യ രേഖകള്‍ കൂടി കൈയില്‍ കരുതണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയ്ക്ക് ഇതു സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട നഗരത്തിലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കൂടുതല്‍ ട്രാഫിക് പോലീസിനെ നിയോഗിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നിരോധിച്ചിരിക്കുന്ന ഇടങ്ങളില്‍ വാഹന പാര്‍ക്കിംഗ് ചെയ്യുന്നത് തടയാന്‍ ട്രാഫിക്ക് പോലീസ് ഇടപെടണം. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റിലെ സ്ഥലപരിമിതി പരിഹരിക്കാന്‍ നഗരസഭയുടെ ബസ് സ്റ്റാന്റിന്റെ കുറച്ചു ഭാഗം വിനിയോഗിക്കണം. കടകളില്‍ ലഹരി ഉത്പന്നങ്ങളുടെ പരിശോധന ശക്തമാക്കണം. തീര്‍ഥാടന കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും നിരവധി അവലോക യോഗങ്ങള്‍ നടത്തി തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെ പ്രവര്‍ത്തിച്ച് തയാറെടുപ്പുകള്‍ ഉറപ്പാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വിവിധ വകുപ്പുകളുടെ സേവനം തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ക്ക് വ്യാപക പ്രചാരണം നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതലത്തില്‍ ട്രാഫിക് സ്‌കീം തയാറാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍ അറിയിച്ചു. സന്നിധാനം, നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താല്‍ക്കാലിക പോലീസ് സ്റ്റേഷനുകള്‍ തീര്‍ഥാടന കാലത്ത് ഉണ്ടാകും. തീര്‍ഥാടന പാതയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഇക്കോ ഗാര്‍ഡുകളെ നിയോഗിച്ചായി ഡിഎഫ്ഒ ആയുഷ് കുമാര്‍ ഖോരി അറിയിച്ചു.

തീര്‍ഥാടകര്‍ കടന്നു പോകുന്ന ഉപ്പുപാറ – ശബരിമല കാനനപാത വൃത്തിയാക്കി. അഴുത – പമ്പ പാത നവീകരണം രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
വനം വകുപ്പിന്റെ ക്യാമ്പ് സൈറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടനത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് ഈ മാസം 15 മുതല്‍ ആരംഭിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് സേവനം നല്‍കുന്നതിനും പമ്പ ത്രിവേണിയില്‍ 10 കൂപ്പണ്‍കൗണ്ടര്‍ കെഎസ്ആര്‍ടിസി ക്രമീകരിക്കും.

കുടിവെള്ള വിതരണ ക്രമീകരണങ്ങള്‍ ഈമാസം 10 ന് പൂര്‍ത്തിയാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പത്തനംതിട്ട – പമ്പ പാത, പമ്പ ത്രിവേണി, അച്ചന്‍കോവില്‍, സീതത്തോട്, പന്തളം തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന കടവുകളില്‍ സുരക്ഷാ വേലി ഇറിഗേഷന്‍ വകുപ്പ് സജ്ജമാക്കി. പമ്പയില്‍ തീര്‍ഥാടകര്‍ക്കായി 60 ഷവര്‍ യൂണിറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഈമാസം ഒന്‍പതിന് പൂര്‍ത്തിയാക്കും. ഈമാസം 14 മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കും. ജില്ലാതലത്തിലുള്ള കണ്‍ട്രോള്‍ റൂമിനു പുറമേ തിരുവല്ല, റാന്നി എന്നിവിടങ്ങളിലും കണ്‍ട്രോള്‍ റൂം തുറക്കും. പത്തനംതിട്ട- പമ്പ പാതയില്‍ എക്സൈസ് സ്‌ക്വാഡ് പട്രോളിംഗ് നടത്തും. പന്തളം, ആറന്മുള എന്നിവിടങ്ങളില്‍ എക്സൈസ് വകുപ്പിന്റെ എയ്ഡ്പോസ്റ്റ് തുടങ്ങും.

ഹോട്ടലുകളിലെ ഭക്ഷണവില നിശ്ചയിച്ചിട്ടുണ്ടെന്നും ഭക്ഷണശാലകളില്‍ ഇതു പ്രദര്‍ശിപ്പിക്കുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. സംയുക്ത സ്‌ക്വാഡ് മുഖേന ഗ്യാസ് ഗോഡൗണുകള്‍ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. നിലയ്ക്കല്‍ ബേയ്സ് ക്യാമ്പില്‍ റോഡിന്റെ പ്രവൃത്തി തുടങ്ങിയെന്നും ഈമാസം 10ന് അകം പൂര്‍ത്തീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ഇലവുങ്കല്‍ കേന്ദ്രീകരിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ സേഫ്സോണ്‍ പദ്ധതി നടപ്പാക്കും. ശബരിമല പാതകളില്‍ സേഫ്സോണിന്റെ 20 സ്‌ക്വാഡുകള്‍ 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ തീര്‍ഥാടകരില്‍നിന്നും പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച ശേഷം പകരം തുണി സഞ്ചികള്‍ വിതരണം ചെയ്യും. റാന്നി, ളാഹ, കണമല എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തുണിസഞ്ചി വിതരണം ചെയ്യും. പമ്പ, സന്നിധാനം ആശുപത്രികള്‍ നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചതായി ഡിഎംഒ(ആരോഗ്യം) അറിയിച്ചു.

ശുചീകരണത്തിനായി സന്നിധാനത്തും പമ്പയിലും 300 വീതവും നിലയ്ക്കല്‍ ബേയ്സ് ക്യാമ്പില്‍ 350 ഉം പന്തളത്തും കുളനടയിലും കൂടി 50 വിശുദ്ധിസേനാംഗങ്ങളെയും ജില്ലാ കളക്ടര്‍ അധ്യക്ഷയും അടൂര്‍ ആര്‍ഡിഒ മെമ്പര്‍ സെക്രട്ടറിയുമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി വിന്യസിക്കും. ദുരന്തനിവാരണ വിഭാഗത്തിന്റെ കീഴിലുള്ള എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഈമാസം 15ന് പ്രവര്‍ത്തനം ആരംഭിക്കും.

പമ്പാനദിയിലെ ജലത്തിന്റെ ഗുണനിലവാരം തീര്‍ഥാടന കാലത്ത് പരിശോധിക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പ്രവര്‍ത്തിക്കും. നിലയ്ക്കല്‍ മൊബൈല്‍ ഫുഡ്‌സേഫ്റ്റി ലാബ് വിന്യസിക്കും. തീര്‍ഥാടകര്‍ക്ക് പരാതി നല്‍കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ സജ്ജമാക്കും. മൊബൈല്‍ കവറേജ് മെച്ചപ്പെടുത്തുന്നതിന് കൂടുതലായി 10 ടവറുകള്‍ സജ്ജമാക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. തീര്‍ഥാടകര്‍ എത്തുന്ന ജില്ലയിലെ പ്രധാന കടവുകളില്‍ ലൈഫ് ഗാര്‍ഡിനെയും ഒരു ലൈഫ് ജാക്കറ്റും ലൈഫ്ബോയിയും നല്‍കിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ അറിയിച്ചു. പന്തളം രാജകൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാര്‍ നടന്നു

0
അങ്ങാടിക്കൽ : അങ്ങാടിക്കൽ തെക്ക് പ്രോഗ്രസീവ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ...

ചെങ്ങന്നൂർ നഗരസഭ സമ്പൂർണ ശുചിത്വ നഗരമായി പ്രഖ്യാപിച്ചു

0
ചെങ്ങന്നൂർ : മാലിന്യമുക്ത നവ കേരളം ക്യാമ്പയിന്റെ ഭാഗമായി ചെങ്ങന്നൂർ...

സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

0
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ 680 രൂപയുടെ...

മന്ദമരുതി- വെച്ചൂച്ചിറ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കലുങ്ക് നിർമ്മാണം തുടങ്ങി

0
റാന്നി : മന്ദമരുതി- വെച്ചൂച്ചിറ റോഡിൽ കണ്ണങ്കര ജംഗ്ഷന് സമീപമുള്ള...