കൊച്ചി: സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേരെയാണ് ക്ഷണിച്ചതെങ്കിലും 400ല്‍ താഴെ ആള്‍ക്കാരെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് സര്‍ക്കാര്‍. സത്യപ്രതിജ്ഞയ്ക്കെതിരായ ഹര്‍ജിയില്‍ വിശദീകരണം തേടിയ ഹൈക്കോടതിയെ സര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം.
സത്യപ്രതിജ്ഞ നടത്തുന്നത് എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചടങ്ങില്‍ എംഎല്‍എമാര്‍, ന്യാധിപന്മാര്‍ എന്നിവര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഇരട്ട മാസ്‌ക് ധരിക്കണം. സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് 2.45ന് തന്നെ ക്ഷണിക്കപ്പെട്ട അതിഥികള്‍ എത്തണം. വരുന്നവര്‍ 48 മണിക്കൂറിനകം എടുത്തിട്ടുളള ആര്‍ടിപിസിആര്‍/ട്രൂനാറ്റ്/ആര്‍ടി ലാബ് നെഗറ്റീവ് റിസള്‍ട്ടോ, കോവിഡ് വാക്സിനേഷന്‍ അന്തിമ സര്‍ട്ടിഫിക്കറ്റോ കൈവശം വെയ്ക്കണം. ചടങ്ങിലെത്തുന്നവര്‍ക്ക് എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലും കോവിഡ് പരിശോധനയ്ക്കുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന്, പ്രസ്‌ക്ലബ് എന്നിവയുടെ സമീപത്തുള്ള ഗേറ്റുവഴി മാത്രമേ അകത്ത് പ്രവേശിക്കാവൂ.
പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടത് സെക്രട്ടറിയേറ്റ് മെയിന്‍ ക്യാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് രണ്ട് മന്ദിരം, കേരള സര്‍വകലാശാല ക്യാമ്പസ്, യൂണിവേഴ്‌സിറ്റി കോളേജ്, ഗവ.സംസ്‌കൃത കോളേജ് എന്നിവിടങ്ങളിലാണ്. പങ്കെടുക്കുന്നവരുടെ ക്ഷണക്കത്തില്‍ തന്നെ ഗേറ്റ് പാസും കാര്‍ പാസും ഉണ്ടാകും. ഈ നിര്‍ദ്ദേശങ്ങളെല്ലാം കര്‍ശ്ശനമായി തന്നെ പാലിച്ചിരിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ചികിത്സാ നീതി സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.കെ.ജെ. പ്രിന്‍സാണ് ഹര്‍ജി നല്‍കിയത്. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.