തിരുവനന്തപുരം : ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന തലസ്ഥാന നഗരിയില്‍ 500 ലേറെ പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എണ്ണം കുറയ്ക്കാന്‍ ആകുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും.
സര്‍ക്കാര്‍ നടപടി കോവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ വ്യക്തമാകുന്നു. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. തൃശ്ശൂരിലെ ചികിത്സാ നീതി സംഘടന ജനറല്‍ സെക്രട്ടറി ഡോ. കെ. ജെ പ്രിന്‍സാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത് തടയാന്‍ കോടതി സ്വമേധയ ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന് അഭിഭാഷകനായ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡണ്ട് ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ബിജെപി എറണാകുളം ജില്ലാ പ്രസിഡണ്ട് എന്നിവര്‍ കത്തും നല്‍കിയിട്ടുണ്ട്. ഇതും കോടതിയുടെ പരിഗണനയ്ക്ക് വരും.