തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ 20ന് സെന്റട്രല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് തീവ്രമായി വ്യാപിക്കുന്നതിനാല്‍ ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് ചടങ്ങ് നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അന്‍പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുന്നതെന്നും 500 പേര്‍ അതില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എം.എല്‍ എ മാര്‍, എം പിമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങള്‍ തുടങ്ങിയ ആരെയും ചടങ്ങില്‍ നിന്നും ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചടങ്ങിന് ക്ഷണിക്കപ്പെട്ടവര്‍ മാത്രം 2.45 ന് സ്റ്റേഡിയത്തില്‍ എത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ചടങ്ങില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ 48 മണിക്കൂര്‍ കൊവിഡ് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായി കൈയില്‍ കരുതണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. കൂടാതെ ഡബിള്‍ മാസ്‌ക് ധരിക്കണം ക്ഷണക്കത്തിനൊപ്പം പാസും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്റ്റേഡിയം എന്ന് കേള്‍ക്കുമ്പോള്‍ തിരക്കുണ്ടാകുമെന്ന് കരുതണ്ടെന്നും കൃത്യമായ കൊവിഡ് മാനദണ്ഡം പാലിക്കാന്‍ വേണ്ടിയാണ് സ്റ്റേഡിയം തെരഞ്ഞെടുത്തതതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സെന്‍ട്രല്‍ സ്റ്റേഡിയമല്ല ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദി. ഈ സാഹചര്യമല്ലായിരുന്നെങ്കില്‍ കേരളമാകെ ഇരമ്പി എത്തിയേനെയെന്നറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.