കൊല്ലം: കൊട്ടാരക്കരയില്‍ ആംബുലന്‍സും മന്ത്രിയുടെ പൈലറ്റ് വാഹനവും കൂട്ടിയിടിച്ച അപകടത്തില്‍ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ പരിക്കേറ്റയാള്‍ രംഗത്തെത്തി. അപകടത്തില്‍പ്പെട്ട തങ്ങളുടെ അടുത്തേക്ക് വരാന്‍ പോലും മന്ത്രി തയാറായില്ല. മാനുഷിക പരിഗണന പോലും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലന്ന് അശ്വകുമാര്‍ പറഞ്ഞു. അതേസമയം, അപകടത്തില്‍ പോലീസ് കേസെടുത്തു. രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഡ്രൈവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ കൊട്ടാരക്കര പോലീസാണ് കേസെടുത്തത്.
മന്ത്രിയുടെ പൈലറ്റ് വാഹനവും ആംബുലന്‍സും തമ്മില്‍ കൂട്ടിയിടിച്ചത് ഇന്നലെ വൈകിട്ടാണ്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയുടെ ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. തെറ്റായ ട്രാക്കിലൂടെ വാഹനം ഓടിച്ചു അപകടം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. അതേസമയം കൊട്ടാരക്കരയില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലന്‍സ് മറിഞ്ഞ സംഭവത്തില്‍, തന്നെ പ്രതിയാക്കാന്‍ നീക്കമെന്നാരോപിച്ച് ആംബുലന്‍സ് ഡ്രൈവര്‍ രംഗത്തെത്തിയിരുന്നു.