ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റിയ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന ഖ്യാതി സ്വന്തമാക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് കേന്ദ്ര കഥാപാത്രമായി നിറഞ്ഞാടിയത്. വില്ലനായി ഗുരു സോമസുന്ദരവും തകര്‍ത്തഭിനയിച്ചു. വിവിധ സിനിമാ മേഖകളില്‍ നിന്നും പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ ബേസില്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ മിന്നല്‍ മുരളി 2 വിന്റെ ചര്‍ച്ചകള്‍ കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്. നിര്‍മ്മാതാവ് സോഫിയ പോളിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ സജീവമായിരിക്കുന്നത്.
മിന്നല്‍ മുരളിയുടെ മ എന്ന അടയാളമുള്ള ചിത്രമാണ് സോഫിയ പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഇതില്‍ മിന്നല്‍ എന്ന ഹാഷ് ടാഗും രണ്ട് മിന്നല്‍ ചിഹ്നങ്ങളും ചേര്‍ത്തിരുന്നു.ഇതോടെയാണ് മിന്നല്‍ മുരളിക്ക് രണ്ടാം ഭാഗം വരികയാണെന്നുള്ള ചര്‍ച്ചകള്‍ സജീവമായത്. നേരത്തെ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മൂന്നു വര്‍ഷത്തിനു ശേഷമേ ഉണ്ടാകൂ എന്ന് ബേസില്‍ ജോസഫ് വ്യക്തമാക്കിയിരുന്നു. ആദ്യ ഭാഗം ഒ.ടി.ടിയിലായിരുന്നെങ്കില്‍ രണ്ടാം ഭാഗം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.