കൊച്ചി : സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കാന്‍ വീട്ടില്‍നിന്നു പോയ വിദ്യാര്‍ത്ഥി പെരിയാറില്‍ മുങ്ങി മരിച്ചു. ഏലൂര്‍ കണപ്പിള്ളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റ്യന്റെ മകന്‍ എബിന്‍ സെബാസ്റ്റ്യന്‍ (15) ആണ് മുങ്ങി മരിച്ചത്. കുട്ടിയെ കാണാതായപ്പോള്‍ മാതാവ് നല്‍കിയ പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് മുങ്ങിമരിച്ച വിവരം അറിയുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നോടെയാണ് എബിന്‍ കളിക്കാനായി പോയത്. സന്ധ്യയായിട്ടും വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ മാതാവ് ശ്രുതി സുഹൃത്തുക്കളോട് അന്വേഷിച്ചെങ്കിലും ആരും അറിയില്ലെന്നു പറഞ്ഞു. ഇതോടെ, ഇവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന്, സി.ഐ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടികള്‍ സത്യം വെളിപ്പെടുത്തിയത്. കളി കഴിഞ്ഞ ശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ എബിന്‍ ആഴത്തില്‍ അകപ്പെടുകയായിരുന്നുവത്രെ. ഒപ്പമുണ്ടായിരുന്ന ഒരു കുട്ടി എബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ, സംഭവം ആരോടും പറയേണ്ടതില്ലെന്നു തീരുമാനിച്ചു തങ്ങള്‍ മടങ്ങുകയായിരുന്നു എന്നാണ് ഇവരുടെ വിശദീകരണം. കുട്ടി പുഴയില്‍ മുങ്ങിയത് വ്യക്തമായതോടെ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഏയ്ഞ്ചല്‍ ആണ് സഹോദരി.