കൊല്ലം : കുളത്തൂപ്പുഴയില്‍ ഒന്‍പത് വയസുകാരനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതായി പരാതി. വലിയ മരക്കഷ്ണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദിക്കുന്നത് പതിവായതോടെ പിതാവിനെതിരെ നാട്ടുകാരാണ് പോലീസിന് പരാതി നല്‍കിയത്.
ഒന്‍പതു വയസുളള കുട്ടിയുടെ ശരീരമാസകലം തല്ലുകൊണ്ട് മുറിഞ്ഞ പാടുകളാണ്. മരക്കഷ്ണങ്ങളും ,ഗ്യാസ് സിലിണ്ടറില്‍ ഉപയോഗിക്കുന്ന ട്യൂബും മറ്റും ഉപയോഗിച്ചാണ് പിതാവ് ബൈജു തന്നെ മര്‍ദിക്കുന്നതെന്ന് കുട്ടി പറയുന്നു. പലപ്പോഴും നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുമെന്നും കുട്ടി പറയുന്നു. കുളത്തൂപ്പുഴ റോക്ക് വുഡ് കടവ് പുറമ്പോക്കിലാണ് ബൈജു രണ്ടു മക്കളുമായി താമസിക്കുന്നത്. മര്‍ദനമേറ്റുളള കുട്ടിയുടെ കരച്ചില്‍ പതിവായതോടെയാണ് നാട്ടുകാര്‍ പോലീസില്‍ ബൈജുവിനെതിരെ പരാതി നല്‍കിയത്.