ഔറംഗാബാദ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വന്തം പിതാവ് വിറ്റുവെന്ന് പരാതി. പിന്നാലെ മയക്കുമരുന്ന് നൽകി നിരവധി തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന പതിനേഴുകാരിയുടെ പരാതിയിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം. പെൺകുട്ടിയുടെ അച്ഛൻ, ചെറിയമ്മ, അച്ഛനിൽ നിന്ന് കുട്ടിയെ വാങ്ങിയ മൂന്ന് പേർ എന്നിവരുൾപ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്.
ചെറിയമ്മയ്ക്ക് പുറമേ മറ്റൊരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. പ്രതികൾക്കെതിരേ പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡ്ഗാവ് പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയാണ് പീഡനസംഘത്തിൽ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഫോണിൽ പെൺകുട്ടി തന്നെയാണ് വിവരങ്ങൾ അമ്മയുടെ സഹോദരിയെ അറിയിച്ചത്. പണത്തിന് വേണ്ടിയാണ് പെൺകുട്ടിയെ സ്വന്തം പിതാവ് വിൽപ്പന നടത്തിയതെന്ന് നന്ദേദ് എ.എസ്.പി വിജയ് കബാഡെ പറഞ്ഞു.
പെൺകുട്ടിയെ പിതാവ് മുൻപ് ഒരു മാസത്തേക്ക് രാജസ്ഥാൻ സ്വദേശിയായ ഒരാൾക്ക് വിറ്റിരുന്നു. ഇതിന് ശേഷം രണ്ട് ലക്ഷം രൂപ തവണ വ്യവസ്ഥയിൽ നൽകാമെന്ന ഉറപ്പിൽ 45കാരനായ മറ്റൊരാൾക്കും കുട്ടിയെ വിൽപ്പന നടത്തി. എന്നാൽ അവസാനത്തെ തവണ വ്യവസ്ഥ മുടക്കിയതിന്റെ പേരിൽ ഇയാൾ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. ഇതിന് ശേഷമാണ് സതാര കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന് മകളെ ഇയാൾ വിറ്റത്. ഔറംഗാബാദിൽ ജോലി തേടി പോയപ്പോഴാണ് ഈ സംഘത്തെ പരിചയപ്പെട്ടതും മകളെ കൈമാറനുള്ള ധാരണയുണ്ടാക്കിയതും.