ഡല്‍ഹി: അഞ്ചാം ക്ലാസുകാരിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. ഡൽഹിയിലെ സ്കൂളിലാണ് പ്യൂണും കൂട്ടാളികളും ചേര്‍ന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. പ്യൂണ്‍ അജയ്കുമാര്‍ അറസ്റ്റിലായെങ്കിലും ഇയാളുടെ കൂട്ടാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ ഗാസിയാബാദിലാണ് ഇപ്പോള്‍ താമസിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്കൂളില്‍ പ്യൂണായി ജോലി ചെയ്തു വരികയായിരുന്നു. മാര്‍ച്ച് 14നാണ് സംഭവം. കുട്ടിയെ മയക്കി സ്കൂളിലെ തന്നെ വിജനമായ ഇടത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തിനു ശേഷം പെണ്‍കുട്ടി സ്കൂളില്‍ വരാറില്ലായിരുന്നു. വാര്‍ഷിക പരീക്ഷയ്ക്ക് കുട്ടി എത്താത്തതിനാല്‍ അധ്യാപിക വീട്ടില്‍ വിളിച്ചു അന്വേഷിക്കുകയായിരുന്നു. കുട്ടിക്ക് വയറുവേദനയും വയറിളക്കവുമാണെന്നായിരുന്നു മാതാവിന്റെ പ്രതികരണം. പിന്നീട് കുട്ടിയുടെ സഹോദരനാണ് വിഷയം അധ്യാപികയോട് പറയുന്നത്. എന്നാല്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ പറഞ്ഞപ്പോള്‍ കുടുംബം വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതരാണ് പോലീസില്‍ അറിയിക്കുന്നത്.
ഗാസിപൂര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും സഹ അധ്യാപകരും ചേര്‍ന്ന് ബുധനാഴ്ചയാണ് സംഭവം പോലീസില്‍ അറിയിച്ചതെന്ന് പോലീസ് കമ്മീഷണര്‍ അമൃത ഗുഗുലോത്ത് പറഞ്ഞു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയും കൗണ്‍സിലിങും നല്‍കിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കും പ്യൂണിനുമെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സിറ്റി പോലീസിനും എംസിഡിക്കും നോട്ടീസ് അയച്ചു.