ചെന്നൈ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സംഭവത്തില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവവും ഭാര്യയും അറസ്റ്റില്‍. ഗര്‍ഭം അലസിപ്പിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രം സമൂഹാമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചെന്നൈ സ്വദേശികളായ സത്യനാരായണനും ഭാര്യ പുഷ്പലതയുമാണ് അറസ്റ്റിലായത്. ഇവര്‍ ഷിര്‍ദിപുരം സര്‍വശക്തിപീഠം സായി ബാബി കോവില്‍ എന്ന പേരില്‍ ഒരു ക്ഷേത്രവും നടത്തുന്നതായും പോലീസ് പറഞ്ഞു. ഭാര്യ പുഷ്പലതയുടെ സഹായത്തോടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ പതിനാറുവയസായപ്പോള്‍ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി 2016 ല്‍ പ്ലസ് ടുവിന് പഠിക്കുന്ന സമയത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഈ സമയത്ത് പെണ്‍കുട്ടി പതിവായി ഈ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ടായിരുന്നു. അതിനിടെ ഒരുദിവസം വിശുദ്ധഭസ്മം വാങ്ങാന്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ ചെന്നതിന് പിന്നാലെ പുഷ്പലത ജ്യൂസ് വാഗ്ദാനം ചെയ്തു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് താന്‍ ഉണര്‍ന്നുനോക്കുമ്പോള്‍ കട്ടിലില്‍ വസ്ത്രമില്ലാതെ ഇരുവരും സമീപത്ത് കിടക്കുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ഇങ്ങനെ സംഭവിച്ചതില്‍ പെണ്‍കുട്ടിക്ക് കുറ്റബോധമുണ്ടെന്നും അതില്‍ നിന്നും താന്‍ അവളെ മോചിപ്പിച്ചതായും സത്യനാരായണ്‍ അവകാശപ്പെട്ടതായും പെണ്‍കുട്ടി പറയുന്നു. പിന്നീട് ഫോട്ടോകള്‍ കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകുയും ചെയ്തു. 2018 ല്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി വിവാഹിതയായി. 2020 ല്‍ ഭര്‍ത്താവ് ജോലിക്കായി വിദേശത്തേക്ക് പോയെന്ന് മനസിലാക്കിയ സത്യനാരായണന്‍ വീണ്ടും യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും നഗ്നചിത്രങ്ങള്‍ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് മാസങ്ങളോളം നിരവധി തവണ ബലാത്സംഗം ചെയ്തതായും യുവതി പറയുന്നു.
2020 ല്‍ യുവതി ഗര്‍ഭിണിയാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം സത്യനാരായണനോടും ഭാര്യയോടും പറഞ്ഞു. കുഞ്ഞിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനിടെ ആത്മഹത്യക്ക് ശ്രമിച്ച യുവതി ഈ വര്‍ഷം ജനുവരിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഈ വര്‍ഷം നവംബറില്‍ യുവതിയുടെ ഭര്‍ത്താവ് കുടുംബത്തെ സന്ദര്‍ശിച്ച് വിദേശത്തേക്ക് മടങ്ങിയിരുന്നു. ആ സമയത്ത് യുവതിയെ വീണ്ടും കാണാന്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സത്യനാരായണന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ ഇക്കാര്യം യുവതി ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഷിര്‍ദിപുരം നാനാ ബാബാ എന്ന പേരില്‍ ഇയാള്‍ക്ക് ഒരു യു ട്യൂബ് ചാനലുമുണ്ട്.