കോഴിക്കോട് : പത്തുവയസുകാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ സംഭവത്തില്‍ കോഴിക്കോട് വെള്ളയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേര്‍ അറസ്റ്റിലായി. തീരപ്രദേശത്തെ ഒരു കോളനിയില്‍ മൂന്നു മാസം മുമ്പാണ് സംഭവം നടന്നത്. മാതാപിതാക്കളില്ലാത്ത സമയം നോക്കി വീട്ടിലെത്തിച്ച ശേഷം പത്തുവയസുകാരിയെ കൂട്ടുകാര്‍ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ വിവരം കുട്ടി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ കാര്യമായി എടുത്തില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഈ വിഷയം ഉയര്‍ന്നു വരികയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തമ്മിലുളള വഴക്ക് അയല്‍ക്കാര്‍ കേട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അയല്‍ക്കാര്‍ തന്നെ വിഷയം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്തുവയസുകാരി പീഡനത്തിന് ഇരയായെന്ന് വ്യക്തമായി. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് പരാതി എഴുതി വാങ്ങിയ പോലീസ് പിന്നീട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പതിനൊന്നും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ് ഇവര്‍. പ്രതികളായ കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിനാണ് കേസ് അന്വേഷണത്തിന്റെ ചുമതല.