തിരുവനന്തപുരം : 17 വര്‍ഷമായി പെന്‍ഷന്‍ നിഷേധിക്കപ്പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരന് 12 ശതമാനം പലിശ സഹിതം പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിട്ടു. ആരോഗ്യ വകുപ്പില്‍നിന്നു 33 വര്‍ഷത്തെ സേവനത്തിനു ശേഷം 2004 ഏപ്രില്‍ 30നു വിരമിച്ച തിരുവനന്തപുരം പാച്ചല്ലൂര്‍ കീഴേപേരയില്‍ ജെ. സലിമിനാണ് പലിശ സഹിതം ആനുകൂല്യങ്ങള്‍ നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ഉത്തരവിട്ടത്.
നീണ്ട 17 വര്‍ഷമായിട്ടും ആനുകൂല്യങ്ങള്‍ നിഷേധിച്ച ആരോഗ്യ വകുപ്പ് അധികൃതരുടെ നടപടിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അതൃപ്തി രേഖപ്പെടുത്തി. പരാതിക്കാരന്‍ വിരമിച്ച ദിവസം മുതല്‍ ആനുകൂല്യം ലഭ്യമാകുന്നതുവരെ 12 ശതമാനം പലിശ സഹിതം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കുന്നതിനും പലിശയിനത്തിലെ തുക വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കുന്നതിനുമാണ് ഉത്തരവ്. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് രണ്ടു മാസത്തിനകം അറിയിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാന്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.