തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്തിരുന്ന ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാനു കൈമാറി. ഇതുവരെ ആര്‍ക്കും നല്‍കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലം വരെ ദുരന്തനിവാരണ വകുപ്പും ദുരന്തനിവാരണ അഥോറിറ്റിയും റവന്യുമന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. ആര്‍ക്കും നല്‍കാത്ത വകുപ്പുകള്‍ മുഖ്യമന്ത്രിക്കാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി ഉത്തരവ് ഇറക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇതോടെയാണ് അബ്ദുറഹിമാന് കൂടുതല്‍ ഉത്തരവാദിത്തം വരുന്നത്.
കേരളത്തിലെ അടുത്ത മന്ത്രിസഭയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് സംസ്ഥാന മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപത പബ്ലിക് റിലേഷന്‍സ് – ജാഗ്രതാ സമിതി കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന് മുമ്ബ് അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മന്ത്രിസഭകളുടെ കാലത്ത് ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരമൊരു ആവശ്യം അതിരൂപത ജാഗ്രതാ സമിതി ഉന്നയിച്ചതെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ രൂപീകരണത്തിലും നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലുമുള്ള 80:20 അനുപാതം, ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തില്‍ 2017ല്‍ വരുത്തിയ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഭേദഗതികള്‍, ക്ഷേമ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥ നിയമങ്ങളിലെ അപാകതകള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാക്കി.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും വിവേചന രഹിതവും നീതിയുക്തവും ആയിരിക്കുമെന്ന് ഉറപ്പു വരുത്താനായിരുന്നു ഈ നിര്‍ദ്ദേശം ക്രൈസ്തവ സഭകള്‍ മുമ്ബോട്ട് വച്ചത്. ഇതാണ് തുടക്കത്തില്‍ അംഗീകരിച്ചത്. എന്നാല്‍ മുസ്ലിം സമുദായ നേതാക്കള്‍ക്ക് ഇതിനോട് എതിര്‍പ്പുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ എത്തിയ പശ്ചാത്തലത്തില്‍ മധ്യ തിരുവിതാംകൂറില്‍ ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം സിപിഎമ്മിന് അനുകൂലമായി സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തന്നെ കൈവശം വച്ചത്. പിന്നീട് സഭകള്‍ പിണറായി സര്‍ക്കാരുമായി അകല്‍ച്ചയിലേക്ക് പോകുന്ന സാഹചര്യമുണ്ടായി. ശശി തരൂരിനെ ഭാവി മുഖ്യമന്ത്രിയായി പോലും അവര്‍ മുമ്ബോട്ട് വച്ചു. ഇതിനിടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇടതു സ്വതന്ത്രന് മുഖ്യമന്ത്രി നല്‍കുന്നത്. ഫലത്തില്‍ ക്രൈസ്തവ സഭകളുടെ ആവശ്യം കൂടി തള്ളുകയാണ് മുഖ്യമന്ത്രി.
രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയപ്പോള്‍ പതിവിനു വിപരീതമായി ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സി പി എം സ്വതന്ത്രനായി മലപ്പുറം താനൂരില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ച വി അബ്ദു റഹിമാന്‍ ജലീലിന് പകരം ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ആയിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഗസറ്റ് വിജ്ഞാപനം വന്നപ്പോള്‍ ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു. ഒന്നാം പിണറായി മന്ത്രിസഭയില്‍ കെ ടി ജലീല്‍ ആയിരുന്നു ന്യൂനപക്ഷക്ഷേമം കൈകാര്യം ചെയ്തിരുന്നത്. സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകൃതമായതിനു ശേഷം പാലൊളി മുഹമ്മദ്കുട്ടി (ന്യൂനപക്ഷ സെല്‍), മഞ്ഞളാംകുഴി അലി, കെ ടി ജലീല്‍ എന്നിവര്‍ ആയിരുന്നു ന്യൂനപക്ഷ വകുപ്പ് മന്ത്രിമാര്‍.
ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ 2008 ഏപ്രില്‍ മാസത്തില്‍ പൊതുഭരണവകുപ്പില്‍ ഒരു ന്യൂനപക്ഷ സെല്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപൂലീകരിക്കുന്നതിന്റെ ഭാഗമായി പ്രസ്തുത സെല്ലിനെ 2011 ജനുവരി മുതല്‍ ന്യൂനപക്ഷക്ഷേമ വകുപ്പാക്കി ഉയര്‍ത്തി. വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന സമാനമായുള്ള കാര്യങ്ങളെ ഈ വകുപ്പിലേക്ക് ഏകോപിപ്പിക്കണമെന്നും പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്, സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിക്കുകയും സംസ്ഥാനത്ത് ന്യൂനപക്ഷ വികസന സ്‌പെഷ്യല്‍ ഓഫീസര്‍ അധ്യക്ഷനായി ന്യൂനപക്ഷ ക്ഷേമവകുപ്പ് രൂപീകരിച്ചു കൊണ്ടും ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ആറ് തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടും ഉത്തരവായി. വിദ്യാഭ്യാസ ധനസഹായം, വിവാഹബന്ധം വേര്‍പെടുത്തിയ/ വിധവകളായ/ ഭര്‍ത്താവ് ഉപേക്ഷിച്ച/ ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകള്‍ക്കുള്ള ഭവന പദ്ധതി, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതി എന്നിവയാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന പ്രധാന പദ്ധതികള്‍.
എന്നാല്‍, ന്യൂനപക്ഷ വകുപ്പ് ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്നതായി സംസ്ഥാനത്തെ വിവിധ ക്രൈസ്തവ സഭകള്‍ ആരോപിച്ചിരുന്നു. സംസ്ഥാനത്ത് അമ്ബത് ശതമാനത്തോളം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് കണക്കുകള്‍. ഇതില്‍ തന്നെ മുസ്ലിങ്ങളേക്കാള്‍ എണ്ണത്തില്‍ കുറവ് ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ തങ്ങള്‍ക്ക് നീതി നടപ്പാക്കി കിട്ടുന്നില്ലെന്നാണ് ക്രൈസ്തവ വിഭാഗങ്ങളുടെ ആവശ്യം. അതുകൊണ്ടു തന്നെ ഇത്തവണ ന്യൂനപക്ഷ വകുപ്പ് ക്രൈസ്തവ വിഭാഗത്തിന് നല്‍കണമെന്ന് പരസ്യമായും രഹസ്യമായും ആവശ്യം ഉയര്‍ന്നിരുന്നു. ഇത്തവണത്തെ പിണറായി മന്ത്രിസഭയിലെ നാല് ക്രിസ്ത്യന്‍ മന്ത്രിമാരില്‍ നാലുപേരും സിറോ മലബാര്‍, ഓര്‍ത്തഡോക്‌സ്, സി എസ് ഐ, ലത്തീന്‍ എന്നിങ്ങനെ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന് നല്‍കിയാല്‍ അതു ചിലപ്പോള്‍ മറ്റു ചിലരുടെ അതൃപ്തിക്ക് കാരണമായേക്കും. ഇക്കാരണങ്ങളാലാണ് ന്യൂനപക്ഷവകുപ്പ് കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ ആദ്യം തിരൂമാനിച്ചത്.
































