പാലക്കാട് : സർക്കാരിന്‍റെ കെടുകാര്യസ്ഥതയും മില്ലുടമകളുടെ നിസഹകരണവും മൂലം സംസ്ഥാനത്തെ നെല്ല് സംഭരണം കുത്തഴിഞ്ഞ നിലയിലാണ്. സപ്ലൈകോ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞാലും കർഷകർക്ക് പണം കിട്ടാത്ത അവസ്ഥയാണ്. ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് മിക്ക കർഷകരും. നെല്ല് സംഭരണത്തിന് എല്ലാ ബജറ്റിലും തുക വകയിരുത്തണമെന്നാണ് കർഷകരുടെ ആവശ്യം. പാലക്കാട് രണ്ടാം വിള കൊയ്ത്തിനുള്ള സമയമായി. എന്നാൽ കഴിഞ്ഞ വർഷത്തെ രണ്ടാം വിള നെല്ലിന്‍റെ പൈസ പോലും പല കർഷകർക്കും ലഭിച്ചിട്ടില്ല. ജില്ലയിൽ മാത്രം ഇനിയും പൈസ കിട്ടാനുള്ളത് 1420 കർഷകർക്ക്. ഇതിനായി കണ്ടത്തേണ്ടത് 1.6 കോടി രൂപയാണ്.
മുൻപ് ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് വായ്പ ലഭ്യമാക്കിയാണ് കര്‍ഷകര്‍ക്ക് സപ്ലൈകോ നെല്ലിന്‍റെ പണം കൈമാറിയിരുന്നത്. കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലും ഇനി കൊയ്യാനുള്ള നെല്ലും ഈടുവെച്ച് സപ്ലൈകോ കടമെടുത്തത് 2500 കോടിയാണ്. ഇത് തിരിച്ചടക്കാൻ വൈകിയതോടെ ഇനി വായ്പ നല്‍കാനാവില്ലെന്ന നിലപാടിലാണ് പല ബാങ്കുകളും. ഒരു കിലോ നെല്ലിന് 28 രൂപ 20 പൈസ എന്ന നിലയ്ക്കാണ് സപ്ലൈകോ സംഭരിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞാണ് സംഭരണം നടക്കുന്നത്. ഇതുമൂലം പലരും ചെറിയ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നെല്ല് വിറ്റഴിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ വിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത് എന്നാണ് സംസ്ഥാന സർക്കാരിന്‍റെ ന്യായീകരണം. കേരളത്തിന്‍റെ കണക്കു പ്രകാരം നെല്ല് സംഭരിച്ച വകയില്‍ 2018 മുതലുളള കേന്ദ്ര വിഹിതം കിട്ടാനുണ്ട്. സപ്ലൈകോ സംഭരിക്കുന്ന നെല്ല് മില്ലുകൾ കുത്തി അരിയാക്കി റേഷൻ കടവഴി വിതരണത്തിന് എത്തിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക ലഭ്യമാക്കുന്നത്.