റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിനു നേരെയുണ്ടായ മിസൈല്‍ ആക്രണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി അറബ് സഖ്യ സേന അറിയിച്ചു. സൗദി റോയല്‍ വ്യോമ പ്രതിരോധ സേന മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വച്ച് തകര്‍ത്ത മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11:20 നാണു റിയാദ് ലക്ഷ്യമാക്കി മിസൈല്‍ കുതിച്ചെത്തിയത്. സൗദി വ്യോമ പ്രതിരോധ സേന ആകാശത്ത് വച്ച് താമസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയെത്തിയ മിസൈലുകള്‍ നിലം തൊടും മുമ്പേ തകര്‍ത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
റിയാദ് നഗരത്തില്‍ മിസല്‍ അവശിഷ്ടങ്ങള്‍ പതിച്ചു രണ്ടു താമസക്കാര്‍ക്ക് പരിക്കേറ്റതായി റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്. കേണല്‍ മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. രണ്ടു മിസൈലുകള്‍ ആകാശത്ത് വച്ച് നശിപ്പിച്ചുവെന്നാണ് പ്രാഥമിക വിവരം. അതിര്‍ത്തി പ്രദേശമായ ജിസാന് നേരെയും മിസൈല്‍ ആക്രമണ ശ്രമവും ഉണ്ടായിട്ടുണ്ട്. ഇതും സൗദി പ്രതിരോധിച്ച് തകര്‍ത്തിട്ടു. സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യെമനിലെ സന്‍ആ, സആദ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇറാന്‍ സഹായമുള്ള യമനിലെ ഹൂതി വിമതര്‍ മിസൈല്‍ തൊടുത്തു വിട്ടതെന്ന് അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി അറിയിച്ചു.