പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ പെരുനാട് നെടുമണ്ണില്‍ നിന്നും കാണാതായ 11 കാരനെ മാവേലിക്കരയില്‍ നിന്നും കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കുട്ടിയെ കണ്ടെത്തിയത്. തലേദിവസം വൈകിട്ട് അമ്മാവനൊപ്പമാണ് കുട്ടി ഉറങ്ങാന്‍ കിടന്നിരുന്നത്. എന്നാല്‍ വീട്ടില്‍ നിന്നും പുലര്‍ച്ചെ 5.30 ഓടെ കുട്ടിയെ കാണാതായെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
കുട്ടി പോയപ്പോള്‍ അമ്മയുടെ സഹോദരന്റെ മൊബൈല്‍ ഫോണും എടുത്തിരുന്നു. ഇതാണ് കുട്ടിയെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടി വഴിയില്‍ നിന്ന് ഒരു ഇരുചക്രവാഹന യാത്രക്കാരന്റെ സഹായത്തോടെ ബസ് ലഭിക്കുന്ന സ്ഥലം വരെ എത്തുകയും അവിടെ നിന്ന് സ്വകാര്യ ബസില്‍ പത്തനംതിട്ടയിലേക്ക് പോവുകയുമായിരുന്നു. പത്തനംതിട്ടയില്‍ നിന്നാണ് മാവേലിക്കരയിലേക്ക് എത്തിയതെന്ന് പോലീസ് സൂചിപ്പിച്ചു.
രാവിലെ ഒമ്പതുമണിയോടെയാണ് മെബൈല്‍ ടവര്‍ ലൊക്കേഷന്‍ സംബന്ധിച്ച സൂചനകള്‍ പോലീസിന് കിട്ടിത്തുടങ്ങിയത്. തുടര്‍ന്ന് വിവരങ്ങള്‍ പിന്തുടര്‍ന്ന പോലീസ് ബന്ധപ്പെട്ട സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. ഇതോടെയാണ് മാവേലിക്കരയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.