ചെങ്ങന്നൂര്‍ : കല്ലിശ്ശേരിയിലെ വീട്ടില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും കണാതായി. തമിഴ്‌നാട് സ്വദേശികള്‍ തട്ടിക്കൊണ്ടു പോയതായി സംശയം. കല്ലിശ്ശേരി മണലേത്ത് പുത്തന്‍വീട്ടില്‍ ജോബി ജോയിയുടെ ഭാര്യ ജനി അന്ന ജോണ്‍(33), മകള്‍ ജൂലിയ(3) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്. കല്ലിശ്ശേരിയില്‍ വ്യാപാരം നടത്തുന്ന ജോബി രാത്രി വൈകി കടയില്‍ നിന്നും വരുമ്പോള്‍ കോവിഡ് കാലമായതിനാല്‍ മറ്റൊരു മുറിയിലാണ് താമസിക്കുന്നത്. ഭക്ഷണം എല്ലാം ഭാര്യ വിളമ്പി മുറിയില്‍ വെച്ചിരിക്കും.
പിറ്റേ ദിവസം കുളിയെല്ലാം കഴിഞ്ഞാണ് ഭാര്യയുടേയും കുഞ്ഞിന്റെയും മറ്റും അടുക്കലേക്ക് പോകുന്നത്. നിരവധി ആളുകളുമായി ഇടപഴകുന്നതിനാല്‍ കോവിഡ് പകരാനുള്ള സാഹചര്യം ഒഴിവാക്കി കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇങ്ങനെ ഇന്ന് രാവിലെ ചായ കൊണ്ടുവരാന്‍ താമസിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ല എന്ന് മനസ്സിലായത്. തുണിക്കച്ചവടക്കാരായ തമിഴ്നാട് സ്വദേശികളെ കഴിഞ്ഞ ദിവസങ്ങളിലായി ഈ പ്രദേശത്ത് സംശയകരമായി കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.