ലക്‌നൗ: യുപിയില്‍ കാണാതായ 13കാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബുലന്ദ്ശഹ്‌റിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായി ആറാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്. പെണ്‍കുട്ടിയെ കാണാതായ വയലില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. അമ്മയ്ക്കും സഹോദരിക്കും ഒപ്പം വയലില്‍ എത്തിയ പെണ്‍കുട്ടി ദാഹിച്ചതിനെ തുടര്‍ന്ന് വെള്ളം കുടിക്കാനായി അടുത്ത വീട്ടിലേക്ക് പോയതായിരുന്നു.
പിന്നീടാണ് പെണ്‍കുട്ടിയെ കാണാതായത്. അന്ന് അവിടെ ഒരു മദ്യപിച്ച യുവാവിനെ കണ്ടിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വെള്ളം കുടിക്കാന്‍ പോയ വീട്ടില്‍ ഒരു അച്ഛനും മകനുമാണ് താമസം. അച്ഛനെ ഇതിനകം തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.