അമേരിക്ക: യു.എസിൽ ഒരുമാസം മുൻപ് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.യുഎസിലെ ക്ലെവ്‌ലാൻഡിലെ ഒഹിയോയിൽ ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് അബ്ദുൽ അർഫാത്തി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ന്യൂയോർക്കിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെയാണ് അർഫാത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി എംബസി വിവരം നൽകിയത്. ക്ലീവ് ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു അർഫാത്ത്. 2023ലാണ് അർഫാത്ത് യുഎസിലെത്തിയത്.അർഫാത്തിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പുറത്ത് വരുന്ന വിവരം. മാർച്ച് ഏഴിനാണ് അർഫാത്തിത്ത് വീട്ടുകാരുമായി അവസാനമായി ബന്ധപ്പെടുന്നത്.
മകനുമായി മാർച്ച് ഏഴിന് സംസാരിച്ചിരുന്നെന്നും എന്നാൽ പിന്നീട് ബന്ധപ്പെട്ടപ്പോഴെല്ലാം മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നാണ് മെസേജ് ലഭിച്ചതെന്ന് അർഫത്തിന്റെ പിതാവ് മുഹമ്മദ് സലീം പറഞ്ഞു.മാർച്ച് 19ന് ഒരു അജ്ഞാതവ്യക്തി ഫോണിൽ വിളിച്ചു. മയക്കുമരുന്ന് വിൽക്കുന്ന ഒരു സംഘം അർഫാത്തിനെ തട്ടിക്കൊണ്ടുപോയതായും 1,200 ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും അർഫാത്തിന്റെ പിതാവ് കൂട്ടിച്ചേർത്തു. പണം എങ്ങനെ കൈമാറുമെന്ന് വിളിച്ചയാൾ അറിയിച്ചില്ലെന്നും മകനോട് സംസാരിക്കണമെന്ന് ആവശ്യപ്പട്ടപ്പോൾ വിസമ്മതിച്ചുവെന്നും അദ്ദേഹം പറയുന്നു.