ലക്നൗ : ഉത്തര്‍പ്രദേശിലെ ഗോണ്ടയിലെ ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. നാല് ദിവസം മുമ്പ് കാണാതായ പതിനാലുകാരിയുടെ മൃതദേഹമാണ് ആശ്രമത്തില്‍ നിന്നും കണ്ടെത്തിയത്. ആശ്രമത്തിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കാറില്‍ നിന്നും ദുര്‍ഗന്ധമുണ്ടായപ്പോഴാണ് ആശ്രമ ജീവനക്കാര്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ആശ്രമം സീല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ കൊലപാതകം നടത്തിയതിനും മൃതദേഹം ഒളിപ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തില്‍ ആശ്രമത്തില്‍ നിന്ന് ഒരാളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ജോഡ്പൂരിലെ ആശ്രമത്തില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 2018ല്‍ ആശാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 2013ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് ആശാറാമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.