തിരുവല്ല : ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെ ഭാര്യയും സുഹൃത്തും വിഷം ഉള്ളില്‍ചെന്ന നിലയില്‍ പോലീസ് സ്റ്റേഷനിലെത്തി. കുറ്റൂര്‍ തെങ്ങേലി സ്വദേശികളായ ജയന്തി (25), വിഷ്ണു (21) എന്നിവരെയാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇവരെ പോലീസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റൂര്‍ സ്വദേശി നിതിന്റെ ഭാര്യയാണ് ജയന്തി.
തിങ്കളാഴ്ച രാത്രിയോടെ ജയന്തിയെ കാണാതായെന്നായിരുന്നു നിതിന്റെ പരാതി. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ജയന്തി സുഹൃത്തിനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തുന്നതിനിടയില്‍ വിഷം കഴിച്ചെന്ന് ഇരുവരും പോലീസിനെ അറിയിച്ചു. ഉടന്‍ പോലീസ് ജീപ്പില്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചു. അവിടെനിന്നും സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. യുവതി അബോധാവസ്ഥയിലാണ്. നിതിനാണ് യുവതിയുടെ സഹായത്തിനായി മെഡിക്കല്‍ കോളേജില്‍ ഒപ്പമുള്ളതെന്ന് തിരുവല്ല പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.വിനോദ് പറഞ്ഞു. ദമ്പതിമാര്‍ക്ക് മൂന്ന് മക്കളുണ്ട്.