കോഴിക്കോട് : കോവിഡ് മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിച്ച മലയാളിയ്ക്ക് മുന്‍പില്‍ അതിര്‍ത്തി അടച്ച മുഖ്യമന്ത്രിയാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടുവാന്‍ അതിര്‍ത്തി തുറന്ന് നല്‍കിയതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുനീര്‍ ഈ കാര്യങ്ങള്‍ പങ്കുവെച്ചത്.
ആറു ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള ഫേയ്സ്ബുക്ക് കുറിപ്പിനൊപ്പം ലോക്ക്ഡൗണ്‍ കാലത്ത് അതിര്‍ത്തികള്‍ അടച്ച് പൂട്ടിയതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്ന് എങ്ങനെ സ്വര്‍ണ്ണക്കടത്തു കേസിലെ കുറ്റാരോപിതര്‍ പുറത്തുപോയി, സംസ്ഥാനാന്തര ചെക്ക് പോസ്റ്റുകള്‍ എങ്ങനെ അവര്‍ക്കായി തുറക്കപ്പെട്ടു, കൊറോണയുടെയും ലോക്ക്ഡൗണിന്റെയും മറവില്‍ സാധാരണ ജനങ്ങളെ റോഡില്‍ തടയുന്ന പോലീസ് എന്തുകൊണ്ട് ഇവരെ തടഞ്ഞില്ല, കര്‍ണാടക അതിര്‍ത്തി കടന്ന് ബെംഗളൂരില്‍ എത്താന്‍ കര്‍ണാടകത്തില്‍ ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് ആര്, എയര്‍ ഇന്ത്യ തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ യാതൊരു അന്വേഷണവും നാളിതുവരെ നടത്താതെ ഇന്ന് എന്തിനായിരിക്കും ക്രൈംബ്രാഞ്ച് ഐജി ഡിജിപിക്ക് കത്ത് നല്‍കിയത്, സീസറിന്റെ ഭാര്യ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന് അതീതമാകാന്‍ 7 ദിവസമായിട്ടും എന്ത് നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഫേയ്സ്ബുക്ക് പോസ്റ്റ്.