ചെന്നൈ: കായിക വകുപ്പിന്റെ സംരംഭമായ തമിഴ്നാട് ചാമ്പ്യന്‍ഷിപ്പ് ഫൗണ്ടേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍വഹിച്ചു. ക്രിക്കറ്റിലും എല്ലാ കായിക ഇനങ്ങളിലും നിരവധി ധോണിമാരെ സൃഷ്ടിക്കാന്‍ തന്റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. തമിഴ്നാടിന്റെ ദത്തുപുത്രനാണ് മഹേന്ദ്ര സിങ് ധോണിയെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. താനും ധോണിയുടെ ആരാധകനാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനു വേണ്ടി അദ്ദേഹം കളി തുടരണമെന്നും തമിഴ്നാട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
‘തമിഴ്നാട്ടിലെ എല്ലാവരെയും പോലെ ഞാനും ധോണിയുടെ വലിയ ആരാധകനാണ്. ധോണിയുടെ ബാറ്റിങ് കാണാനായി മാത്രം രണ്ടു തവണയാണ് ഞാന്‍ അടുത്തിടെ ചെപ്പോക്ക് സ്റ്റേഡിയത്തിലേക്ക് പോയത്. നമ്മുടെ തമിഴ്നാടിന്റെ ദത്തുപുത്രന്‍ സി.എസ്.കെയ്ക്കു വേണ്ടി കളി തുടരുമെന്നാണ് എന്റെ പ്രതീക്ഷ.’-സ്റ്റാലിന്‍ പറഞ്ഞു.