ചെന്നൈ: മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തമിഴ്നാടിന്റെ സഹായം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന് കത്തയച്ചു. മണിപ്പൂരില്‍ 50,000ത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായി വിവരം ലഭിച്ചുവെന്ന് ജൂലൈ 31ന് മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ പറഞ്ഞു.
‘ദുരിതബാധിതര്‍ക്ക് അവശ്യ വസ്തുക്കളുടെ ആവശ്യകത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ നിര്‍ണായക സമയത്ത് ടാര്‍പോളിന്‍ ഷീറ്റുകള്‍, ബെഡ് ഷീറ്റുകള്‍, കൊതുക് വലകള്‍, അവശ്യ മരുന്നുകള്‍, സാനിറ്ററി നാപ്കിനുകള്‍, പാല്‍പ്പൊടി തുടങ്ങിയ ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി നിങ്ങളുടെ സംസ്ഥാനത്തിന് പിന്തുണ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാണ്.” സ്റ്റാലിന്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്ക് ഇത് വളരെ ഉപയോഗപ്രദമാകുമെന്നും ആവശ്യമെങ്കില്‍ അവരെ എയര്‍ലിഫ്റ്റ് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു