പത്തനംതിട്ട : ജില്ലയില്‍ കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ കോന്നി കൊക്കാത്തോട് ഒരേക്കര്‍ സ്ഥലത്ത് വെള്ളം കയറിയ നാലുവീടുകള്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, അഡ്വ. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ, എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ അതിശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലുമാണ് അച്ചന്‍കോവിലിലും കല്ലാറിലും ജലനിരപ്പുയരാന്‍ ഇടയാക്കിയത്. ഇതാണ് കൊക്കാത്തോട് മേഖലയിലെ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാകാനുള്ള കാരണമെന്നും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
ഈ നാലു വീടുകളില്‍ ധാരാളം നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും വളര്‍ത്തു മൃഗങ്ങളും ജീവികളും ഉള്‍പ്പെടെ ഒലിച്ചുപോയതായും കെ.യു ജനീഷ് കുമാര്‍ എ.എല്‍.എ പറഞ്ഞു. താന്നിവേലിക്കല്‍ സാബു എന്നയാളുടെ ബൈക്കും വീട്ടു സാധനങ്ങളും ഒലിച്ചുപോയി. ചാഞ്ഞപ്ലാമൂട്ടില്‍ ബിനുവിന്റെ രണ്ട് ആടുകളും ഇരുപതോളം താറാവും മുപ്പതോളം കോഴികളും ഒലിച്ചു പോയിട്ടുണ്ട്.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.
ഈ വര്‍ഷം നാലാം തവണയാണ് ഈ പ്രദേശത്ത് വെള്ളം കയറുന്നത്. എന്നാല്‍ ഇത്ര വലിയ തോതില്‍ വെള്ളം കയറുന്നത് ആദ്യമായാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയോടെ(വ്യാഴം) ഉണ്ടായ മഴയില്‍ അച്ചന്‍ കോവിലില്‍ 179 മില്ലീ മീറ്റര്‍ മഴയും ആവണിപ്പാറയില്‍ 245 മില്ലീ മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഈ വര്‍ഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ ഈ പ്രദേശങ്ങില്‍ ലഭിച്ചത്.
കല്ലേലി പാലം, ഐരവണ്‍ പഞ്ചായത്ത് കടവ് എന്നിവിടങ്ങളിലും എം.എല്‍.എയും കളക്ടറും സന്ദര്‍ശനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മാ മറിയം റോയി, ബ്ലോക്ക് പഞ്ചായത്ത് അംഗം വര്ഗീസ് ബേബി, ഗ്രാമപഞ്ചായത്ത് അംഗം വി.കെ രഘു, കോന്നി തഹസില്‍ദാര്‍ ശ്രീകുമാര്‍, ബി.ഡി.ഒ ടി.വിജയകുമാര്‍, പൊതുമരാമത്, മൈനർ ഇറിഗേഷൻ ഉദ്യോഗസ്‌ഥരും തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.