പത്തനംതിട്ട: ആങ്ങമൂഴി- പ്ലാപ്പള്ളി റോഡ് നിർമ്മാണം ഒക്ടോബർ 15നകം പൂർത്തീകരിക്കാൻ അഡ്വ കെ യു ജനിഷ്കുമാർ എം എൽ എ നിർദ്ദേശം നൽകി. ശബരിമല സമാന്തര പാതയായ ആങ്ങമൂഴി- പ്ലാപ്പള്ളി റോഡ് ഉന്നത നിലവാരത്തിൽ നിർമ്മാണ പ്രവർത്തി ആരംഭിച്ചെങ്കിലും നിലക്കൽ ശുദ്ധജല വിതരണപദ്ധതിയുടെ പൈപ്പ്ലൈൻ സ്ഥാപിക്കേണ്ടതുമായി ബന്ധപ്പെട്ട് കൊണ്ട് റോഡ് നിർമ്മാണം തടസ്സപ്പെടുകയായിരുന്നു. പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തി നീണ്ടുപോയത് റോഡ് നിർമ്മാണം തടസ്സപ്പെടുത്തുന്ന സ്ഥിതി ഉണ്ടായി. ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കരാർ കമ്പനി ഗുരുതര വീഴ്ച വരുത്തിയ സാഹചര്യത്തിൽ ഈ കരാർ കമ്പനിയെ ടെർമിനേറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ആങ്ങമൂഴി പ്ലാപ്പള്ളി റോഡിൽ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട പ്രവർത്തികൾ വാട്ടർ അതോറിറ്റി നേരിട്ട് പൂർത്തീകരിച്ചതിനു ശേഷമാണ് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന് റോഡ് നിർമ്മാണത്തിനു വേണ്ടി കൈമാറിയിട്ടുള്ളത്.
അഡ്വ. കെ.യു. ജനീഷ് കുമാർ എം എൽ എ യുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. തുടർന്ന് റോഡിന്റെ കരാറിൽ നിന്നും മരാമത്തു കരാറുകാരൻ പിൻവാങ്ങാൻ കത്ത് നൽകിയിരുന്നു. മഴക്കെടുതിയുടെ ഭാഗമായി റോഡിന്റെ കൂടുതൽ ഭാഗം തകർന്നതും എസ്റ്റിമേറ്റ് തയ്യാറാക്കിയതിനു ശേഷം വർഷങ്ങൾ കഴിഞ്ഞതിന് ശേഷം സാധന സാമഗ്രികളുടെ വില ഉയർന്നതുമാണ് റോഡ് നിർമ്മാണ പ്രവർത്തി ഏറ്റെടുത്ത കരാറുകാരൻ കരാറിൽ നിന്നും പിന്മാറാൻ കത്ത് നൽകാൻ കാരണം. ഈ വിഷയം എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ മന്ത്രി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേർന്ന റോഡ് നിർമ്മാണം ആരംഭിക്കാൻ നിശ്ചയിച്ചിട്ടുള്ളത്.
റോഡിന്റെ നിർമ്മാണ പ്രവർത്തി ഒക്ടോബർ 15നകം പൂർത്തീകരിക്കുന്നതിനാണ് എം എൽ എ കർശനനിർദ്ദേശം നൽകിയിരിക്കുന്നത്. യോഗത്തിൽ എം എൽ എ യോടൊപ്പം സീതത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ആർ.പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി ടി ഈശോ, കെ കെ മോഹനൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അംബികാ രാജേഷ്,പൊതുമരാമത്തു അസി എഞ്ചിനീയർ ഷാജി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.