മലപ്പുറം : മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്ന് പി.വി അൻവർ എംഎൽഎ. വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോടാണ് അൻവറിന്റെ പ്രതികരണം. അൻവർ എംഎൽഎയെ വൈദ്യ പരിശോധനക്ക് ഹോസ്പിറ്റലിലേക്കാണ് ആദ്യമെത്തിച്ചത്. അതിന് ശേഷം മജിസ്‌ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കും. സ്ഥലത്ത് അൻവറിനെ അനുകൂലിച്ചും പിണറായി വിജയനെതിരെയും പ്രതിഷേധമുണ്ടായി. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്.
മോദിയേക്കാൾ വലിയ ഭരണകൂട ഭീകര പിണറായി നടപ്പാക്കുകയാണ്. പുറത്തിറങ്ങിയാൽ കാണിച്ച് തരാമെന്നും അൻവർ വെല്ലുവിളിച്ചു. എത്ര കൊലക്കൊമ്പൻമാരാണ് ഇവിടെ ജാമ്യത്തിൽ കഴിയുന്നത്. ആരെയും അറസ്റ്റ് ചെയ്യുന്നില്ലല്ലോ. ഇതെല്ലാം പിണറായിയുടെ നിർദ്ദേശപ്രകാരം ചെയ്യുന്നതാണ്. കൊളള നടത്തിയിട്ടോ കൊല നടത്തിയിട്ടോ അല്ല എന്നെ കൊണ്ടുപോകുന്നത്. ജനങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേ. കേരളത്തിലെ പോലീസിന്റെ കളളത്തരങ്ങൾ ജനങ്ങളോട് പറഞ്ഞതോടെയാണ് ഞാൻ പിണറായിക്കെതിരായത്. മോദിക്കെതിരെ പറയുന്ന പിണറായി അതിനേക്കാൾ വലിയ ഭരണകൂട ഭീകരത നടപ്പാക്കുന്നുവെന്നും അൻവർ വിമർശിച്ചു.