ന്യൂഡൽഹി : ഡൽഹിയിൽ എം.എൽ.എമാരുമാരുടെ ശമ്പളം വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. നിലവിൽ 12,000 രൂപയായിരുന്ന ശമ്പളം 30,000 ആയി ഉയരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
നിലവിൽ ആനുകൂല്യങ്ങൾ ഉൾപ്പെടെ 54,000 രൂപയാണ് എം.എൽ.എ.മാർക്ക് ലഭിച്ചിരുന്നത്. ഇതിന് പുറമേ രണ്ട് പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ശമ്പളം നൽകാനായി 30,000 രൂപയും അധികമായി അനുവദിച്ചിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 30,000 രൂപ ശമ്പളവും അലവൻസ് ഇനത്തിൽ 60,000 രൂപയും ലഭിക്കും (മൊത്തം 90,000). 2015 ൽ ഡൽഹി നിയമസഭ ഒരു ബിൽ പാസ്സാക്കിയിരുന്നെങ്കിലും മുൻകൂർ അനുമതി നേടാത്തതിനാൽ അസാധുവായി.
ഈ വർഷം ആദ്യം എം.എൽ.എമാരുടെ ശമ്പളം വർധിപ്പിക്കാനുള്ള ഡൽഹി സർക്കാർ നീക്കം കേന്ദ്രം തടഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ഡൽഹിയിൽ എം.എൽ.എ.മാരുടെ ശമ്പളം വർധിപ്പിച്ചിരുന്നില്ല. നിലവിൽ രാജ്യത്ത് ഏറ്റവും കുറവ് ശമ്പളം കൈപ്പറ്റുന്ന എം.എൽ.എ.മാർ ഡൽഹിയിലാണ്.