കൊച്ചി: കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ മത്സരിക്കാന്‍ നടന്‍ ധര്‍മജന്‍ താത്പര്യം അറിയിച്ചതായി യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍. സംവരണമണ്ഡലമായ ബാലുശേരിയില്‍ നിലവില്‍ മുസ്ലീം ലീഗാണ് മത്സരിക്കുന്നത്.
കഴിഞ്ഞ തവണ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി യു സി രാമന്‍ 15000-ത്തോളം വോട്ടുകള്‍ക്കാണ് സിപിഎം നേതാവും പുരോഗമന കലാസാഹിത്യസംഘം നേതാവുമായ പുരുഷന്‍ കടലുണ്ടിയോട് പരാജയപ്പെട്ടത്. ധര്‍മജന് ബാലുശേരിയില്‍ മത്സരിക്കണമെങ്കില്‍ സീറ്റ് മുസ്ലിം ലീഗില്‍ നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതായി വരും.
നേരത്തെ മുസ്ലീം ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗലം സീറ്റില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസാണ് മത്സരിച്ചത്. കുന്ദമംഗലം ലീഗിന് നല്‍കി ബാലുശേരി കോണ്‍ഗ്രസ് ഏറ്റെടുക്കുക എന്നൊരു നിര്‍ദേശം ഇതിനോടകം ജില്ലയിലെ യുഡിഎഫില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
സിപിഎം ശക്തികേന്ദ്രമായി കരുതുന്ന ബാലുശേരിയില്‍ ധര്‍മജനെ പോലെ ജനപ്രിയനായ ഒരാളെ സ്ഥാനാര്‍ഥിയായി കൊണ്ടു വന്നാല്‍ മണ്ഡലം പിടിക്കാന്‍ പറ്റിയേക്കും എന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവിനെയാണ് സിപിഎം ബാലുശേരിയിലേക്ക് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്.