തിരുവനന്തപുരം: സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് രംഗത്ത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒന്നിലധികം എംഎല്‍എമാരെ നല്‍കാനാണ് സിപിഎം ലക്ഷ്യമെന്ന് ഹസന് ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വലിയതോതില്‍ മുസ് ലിം വിരുദ്ധത സിപിഎം പ്രചരിപ്പിക്കുകയാണ്. സോളാര്‍ കേസ് സിബിഐക്ക് വിട്ടതും സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം ഇഴയുന്നതും സിപിഎം-ബിജെപി അവിശുദ്ധ ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലെ കുമ്പളയില്‍ നിന്നും തുടങ്ങുന്ന ജാഥ ഉദ്ഘാടനം ചെയ്യുന്നത് ഉമ്മന്‍ ചാണ്ടിയാണ്. സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടെന്നും ഹസന് അറിയിച്ചു.